സർഗാത്മക ചിത്രം
സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണനെതിരെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സി.പി.എം പ്രധാന പ്രചാരണ ആയുധമാക്കുന്നത് മുൻ ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയും അർബൻ ബാങ്കിലെ നിയമന കോഴയും. ചൊവ്വാഴ്ച എൻ.എം. വിജയന്റെ കുടുംബം സുൽത്താൻ ബത്തേരിയിൽ ഉപവാസമിരുന്നതോടെ യു.ഡി.എഫ് രണ്ടും കൽപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെയാണ് മാസങ്ങളായി തുടരുന്ന വിവാദം മറ്റൊരു തലത്തിലേക്ക് മാറുന്ന കാഴ്ചയുണ്ടായത്.
എൻ.എം. വിജയൻ ആത്മഹത്യ ചെയ്യുംമുമ്പ് എഴുതിയ യഥാർഥ കത്തിനേക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് യു.ഡി.എഫ് നേതാക്കളായ കെ.ഇ. വിനയൻ, ഡി.പി. രാജശേഖരൻ, ടി. മുഹമ്മദ്, അബ്ദുല്ല മാടക്കര, പി.പി. അയ്യൂബ് തുടങ്ങിയവർ വാർത്തസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അന്വേഷണം നടത്തും. വിജയൻ ആത്മഹത്യ ചെയ്യുംമുമ്പ് വീട്ടിൽ ഒരു വർഷമായി ആഭ്യന്തരകലഹം രൂക്ഷമായിരുന്നുവെന്നും നേതാക്കൾ വ്യക്തമാക്കി. കത്തിൽ ഐ.സി. ബാലകൃഷ്‌ണനെക്കുറിച്ച് പരാമർശം ഇല്ല. മരുമകൾ പത്മജയെക്കുറിച്ചാണ് പരാമർശം. പത്മജയെ വീട്ടിൽ വിളിക്കുന്ന പേരായ പപ്പ എന്ന പേരിലുള്ള ഭാഗം കത്തിൽ തിരുത്തിയ നിലയിലാണ്. ആത്മഹത്യക്ക് കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് എൻ.എം. വിജയൻ എഴുതിയ കത്തിൽ വ്യക്തമായ സൂചനയുണ്ട്. മൂത്ത മകൻ വിജേഷിനായി എഴുതിയ കത്തിൽ ‘നിനക്കും കൊച്ചുമക്കൾക്കും ജീവിക്കാൻ ഞങ്ങൾ പോയെ പറ്റു... നിങ്ങളുടെ ഭാവിക്കുവേണ്ടി മാത്രം സൂക്ഷിച്ചു ജീവിക്കു. കഴിഞ്ഞതെല്ലാം മറക്കു. കഴിഞ്ഞകാല ജീവിതത്തെ പറ്റി നിനക്കും എനിക്കും അറിയാം. ഇനിയെങ്കിലും ശ്രദ്ധിച്ചു ജീവിക്കു... അതിനുവേണ്ടി ഞങ്ങൾ പിന്മാറുന്നു... സ്ഥലം വിറ്റ് സാമ്പത്തിക ബാധ്യത തീർക്കാമെന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ അത്രയും സമയം കാത്തിരിക്കാൻ പറ്റാത്തതുകൊണ്ടാണ് കടുത്ത തീരുമാനം. കഴിഞ്ഞ ഒരു വർഷമായി നമ്മുടെ എല്ലാ കാര്യവും ജീവിതവും നിനക്കറിയാമല്ലോ.. പപ്പയെ എന്റെ സ്വന്തം മോളായിട്ടാണ് അന്നുംഇന്നും ഞാൻ കരുതുന്നത്. എന്നാൽ അത് തിരിച്ച് എനിക്ക് കിട്ടിയിട്ടില്ല...’ എന്നിങ്ങനെ കത്ത് നീളുകയാണ്.
യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. സി.പി.എമ്മിന്റെ സ്വാധീനമാണ് ആരോപണങ്ങൾ ഉന്നയിക്കാൻ കുടുംബത്തെ പ്രേരിപ്പിക്കുന്നതെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു. വിജയന്റെ സഹോദരങ്ങൾ മണിച്ചിറയിലെ അദ്ദേഹത്തിന്റെ വീടിന്റെ പരിസരങ്ങളിലായിട്ടാണ് താമസിക്കുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന പൊലീസ്, സഹോദരങ്ങളുടെ മൊഴിയെടുക്കാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്നും നേതാക്കൾ ചോദിക്കുന്നു.
അതേസമയം, ചൊവ്വാഴ്ച രാവിലെ ഐ.സി. ബാലകൃഷ്ണനും യു.ഡി.എഫ് നേതാക്കളും മണിച്ചിറയിലെ എൻ.എം. വിജയന്റെ സഹോദരങ്ങളുടെ വീട് സന്ദർശിച്ചിരുന്നു. വലിയ സ്വീകരണം യു.ഡി.എഫ് നേതാക്കൾക്ക് ലഭിച്ചു. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരങ്ങളുടെ മൊഴിയെടുക്കാൻ പൊലീസ് തയാറായില്ലെന്ന് സഹോദരങ്ങൾ നേതാക്കളോട് പറഞ്ഞു. ബത്തേരി അർബൻ ബാങ്കിലെ ബാധ്യത തീർക്കാനടക്കം ഏകദേശം ഒരു കോടിയോളം രൂപ കോൺഗ്രസ് വിജയന്റെ കുടുംബത്തിനായി ചെലവഴിച്ചുവെന്നാണ് സൂചന. കടം തീർത്തു കൊടുത്തതോടെ വിവാദങ്ങൾ അവസാനിക്കുമെന്നായിരുന്നു കെ.പി.സി.സി കണക്കുകൂട്ടിയത്. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ കുടുംബം ശക്തമായി രംഗത്തുവരികയും ചെയ്തു. ഇതോടെയാണ് ഇപ്പോൾ യു.ഡി.എഫ് കുടുംബത്തിനെതിരെ രംഗത്തിറങ്ങിയതെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.