കൽപറ്റ: കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ജില്ലയെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ അടിസ്ഥാനരഹിതവും മനഃപൂർവം ജില്ലയെ താറടിച്ചുകാട്ടാൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനത്തിനുശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പ്രോഗ്രാം നടത്തിപ്പില്‍ വയനാട് വളരെ പിന്നിലാണെന്നും റാങ്ക് ഉയര്‍ത്താന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും സ്മൃതി ഇറാനി പറഞ്ഞത്.
എന്നാൽ, യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുമാണ് മന്ത്രിയുടെ പ്രസ്താവനകളെന്ന് സംഷാദ് മരക്കാര്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തെ താറടിക്കുകയെന്ന താല്‍പര്യമായിരുന്നു അവർക്ക്.
ആസ്പിരേഷനൽ പ്രോഗ്രാമില്‍ മാര്‍ച്ചില്‍ ജില്ല മുപ്പതാം സ്ഥാനത്താണ്. ഈ വിവരം നിതി ആയോഗ് പ്രസിദ്ധപ്പെടുത്തിയത് കേന്ദ്രമന്ത്രിയുടെ വയനാട് സന്ദര്‍ശനം കഴിഞ്ഞാണ്. മാര്‍ച്ചിലെ റാങ്ക് ഏപ്രില്‍ 30നകം പ്രസിദ്ധപ്പെടുത്തണം. ഇത് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രോഗ്രാം അവലോകനം കഴിയുന്നതുവരെ വൈകിപ്പിച്ചതിനുപിന്നില്‍ ഗൂഢാലോചന സംശയിക്കണം.
ഡെല്‍റ്റ റാങ്കിങ്ങില്‍ വയനാട് മുന്നിലാണെന്ന വസ്തുത പ്രോഗ്രാമിന്റെ ജില്ല പ്രഭാരി കൂടിയായ ജില്ല കലക്ടര്‍ എ. ഗീതയും വിവിധ വകുപ്പ് മേധാവികളും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മന്ത്രി ഗൗനിച്ചില്ല. താനുദ്ദേശിക്കുന്ന ചോദ്യങ്ങൾക്ക് താനുദ്ദേശിക്കുന്ന മറുപടി വേണമെന്നതുപോലെയായിരുന്നു അവരുടെ പ്രതികരണമെന്നും സംഷാദ് പറഞ്ഞു.
ഉത്തരേന്ത്യയിൽ പരിചിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ആസ്പിരേഷനൽ പ്രോഗ്രാമിൽ റാങ്കിങ് നിർണയിക്കുന്നത്. മണ്ഡികളുടെ (നാട്ടുചന്തകൾ) വൈദ്യുതീകരണം, മൈക്രോ ഇറിഗേഷൻ തുടങ്ങിയവയൊക്കെ ഉദാഹരണം.
എന്നിട്ടുപോലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ വയനാട് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം തുടങ്ങുന്നതിനുമുമ്പേ മുന്നിലാണ്. മന്ത്രി പറയുന്ന പല കേന്ദ്രാവിഷ്കൃത പദ്ധതികളും ഇവിടത്തെ ആളുകൾ താൽപര്യമില്ലാത്തതിനാൽ എടുക്കാത്തതാണ്. ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു ഭൂമി നല്‍കുന്നതിനും കൈവശഭൂമിക്കു രേഖ നല്‍കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗതിയാണ്.
ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ കേന്ദ്രം അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗത്തില്‍ ജില്ല ഭരണകൂടം നിരുത്തരവാദം കാട്ടുന്നുവെന്ന് തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രോഗ്രാമില്‍ ഇതിനകം എട്ടുകോടി രൂപയാണ് കേന്ദ്ര ഫണ്ടായി ജില്ലക്കു ലഭിച്ചത്. ഇതില്‍ത്തന്നെ അഞ്ചുകോടി രൂപ ആദ്യം അനുവദിച്ച മൂന്നുകോടി രൂപയുടെ സമയബന്ധിതമായ വിനിയോഗത്തിനു ലഭിച്ച സമ്മാനമാണ്.
ജില്ലയെ പരിഹസിക്കാനാണ് മന്ത്രി വന്നുപോകുന്നതെങ്കിൽ അത് വയനാട്ടുകാർക്ക് മനസ്സിലാകുന്നുണ്ട്. കണിയാമ്പറ്റ പഞ്ചായത്തിലെ അമ്പലച്ചാല്‍ കോളനി സന്ദർശിച്ച മന്ത്രി അവിടത്തെ അസൗകര്യങ്ങളെക്കുറിച്ച് ഏറെ പറഞ്ഞു.
എന്നാൽ, പ്രളയബാധിത കോളനിയിലെ ആളുകളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചതാണ്. അതുകൊണ്ടാണ് പുതിയ വികസന പ്രവർത്തനങ്ങൾ നടത്താത്തത്.
അതുമാത്രം പക്ഷേ, മന്ത്രി മിണ്ടിയില്ല. പൊതു അവധിദിനത്തിൽ ഔദ്യോഗിക യോഗങ്ങളിൽ രാഷ്ട്രീയ അജണ്ടകൾ സെറ്റ് ചെയ്യുന്നത് ശരിയല്ല. അതിന് രാഷ്ട്രീയ യോഗങ്ങൾ നടത്തണം. സ്മൃതി ഇറാനി സന്ദർശനം നടത്തിയിട്ട് ജില്ലക്ക് എന്തു ഗുണമാണ് കിട്ടിയതെന്ന് ബി.ജെ.പിക്കാർ പറഞ്ഞുതന്നാൽ നന്നായിരുന്നുവെന്നും സംഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.