വേനൽകാലമായിട്ടും വനംവകുപ്പ് ഫയർലൈൻ പണികൾ നടത്താത്ത പുൽപള്ളി ചേകാടി വനപാത
പുൽപള്ളി: വേനൽ ശക്തമായിട്ടും വനാതിർത്തികളിൽ പലയിടത്തും കാട്ടുതീ പ്രതിരോധ സംവിധാനങ്ങളൊരുക്കാൻ വനംവകുപ്പ് തയാറായില്ല. ചിലയിടങ്ങളിൽ മാത്രമാണ് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി മാസം കഴിയാറായിട്ടും കുറുവ ദ്വീപിനോട് ചേർന്ന പ്രദേശങ്ങളിൽ പോലും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല.
വേനൽ കടുത്തിട്ടും കാട്ടുതീ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാത്തത് കാട്ടുതീ ഭീഷണി ഉയർത്തുന്നു. കാടാകെ ഉണങ്ങി നിൽക്കുകയാണ്. പ്രത്യേകിച്ച് തേക്കിൻ കാടുകൾ. പുൽപ്പള്ളിയിൽനിന്ന് ചേകാടിയിലേക്കുള്ള വനപാതയിൽ എവിടെയും ഫയർ ലൈൻ ഒരുക്കിയിട്ടില്ല. മുമ്പെല്ലാം ഈ സമയത്തിനു മുമ്പുതന്നെ കരിയിലകൾ കൂട്ടി ഫയർ ലൈൻ തീർത്ത് കത്തിക്കാറുണ്ടായിരുന്നു. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫയർ ബ്രേക്ക്, ഫയർ ഗ്യാങ്, ഫയർ വാച്ചർമാർ എന്നിവരുടെ പ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കാത്തത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കരിയിലകളും തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളും നീക്കം ചെയ്യുന്നതാണ് ഫയർ ബ്രേക്ക്. കാട്ടുതീ ഉണ്ടായാൽ വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ ഏക്കറുകളോളം വരുന്ന വനഭൂമിയും സസ്യ ജന്തുജാലങ്ങളും അഗ്നിക്കിരയാകുമെന്ന ഭീതിയും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.