മഴ പ്രതീക്ഷിച്ച് കൃഷിയുടെ പ്രാരംഭ ജോലികൾ തുടങ്ങിയ പുൽപള്ളി പെരിക്കല്ലൂരിലെ പാടം

വയനാട്ടിൽ ലഭിച്ചത് 163 മില്ലിമീറ്റർ മഴ; മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം മഴ കുറവ്

പുൽപള്ളി: മുൻ വർഷത്തെ അപേക്ഷിച്ച് വയനാട്ടിൽ ഇതുവരെ ഏഴ് ശതമാനം മഴ കുറവ്. കാലവര്‍ഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവ് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ താഴെയെന്നാണ് കണക്കുകള്‍. വയനാട്ടിൽ കഴിഞ്ഞ ദിവസം വരെ ലഭിച്ചത് 163 മില്ലിമീറ്റർ മഴ മാത്രമാണ്. ഇതുവരെ സംസ്ഥാനത്ത് 293.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ടത് 303.4 മില്ലിമീറ്ററായിരുന്നു. ഇതോടെ സംസ്ഥാനതലത്തില്‍ ഏഴ് ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ആകെ മഴസ്ഥിതി ഇപ്പോഴും സാധാരണനിലയില്‍ തുടരുന്നുണ്ടെങ്കിലും മലയോര ജില്ലകളിലെ ഗണ്യമായ കുറവ് കാലാവസ്ഥാ നിരീക്ഷകരെയും കാര്‍ഷിക മേഖലയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പ്രത്യേകിച്ച് വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് കൂടുതല്‍. കോഴിക്കോട് ജില്ലയാണ് മഴ ലഭ്യതയില്‍ മുന്നിലെത്തിയത്. 445.2 മില്ലിമീറ്റര്‍ മഴ ലഭിച്ച കോഴിക്കോട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലയായി.

ഈ മാസം ആദ്യവാരത്തില്‍ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മേഘസാന്നിധ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലേക്ക് വ്യാപകമായി മഴ എത്തുന്നില്ല. പല പ്രദേശങ്ങളിലും ഇടവിട്ടുള്ള നേരിയതോതിൽ മിതമായതോ ആയ മഴ മാത്രമേ ലഭിച്ചിട്ടുള്ളു. മഴയുടെ കുറവ് തുടരുകയാണെങ്കില്‍ മലയോര മേഖലകളിൽ വരും കാലങ്ങളിൽ ജലക്ഷാമത്തിന് സാധ്യതയുണ്ട്. കുടിവെള്ള പദ്ധതികൾ, കാര്‍ഷിക മേഖലയുടെ തകർച്ച എന്നിവക്കും കാരണമാകും. പുൽപ്പള്ളി മേഖലയിലാണ് ഏറ്റവും മഴ കുറവ്. കഴിഞ്ഞ ദിവസം ജില്ലയിൽ മിക്കയിടത്തും മഴ ലഭിച്ചപ്പോൾ ഈ പ്രദേശത്ത് മഴ ലഭിച്ചില്ല. പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളായ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള പ്രദേശത്ത് മഴ പ്രതീക്ഷിച്ച് കൃഷി പണികളുടെ പ്രാരംഭ ജോലികൾ നടത്തിയവർ ഇപ്പോൾ വെട്ടിലായിട്ടുണ്ട്. ഇനിയും മഴ ലഭിച്ചില്ലെങ്കിൽ കാർഷിക മേഖലയിൽ വൻ പ്രതിസന്ധികൾ ഉടലെടുക്കും.

Tags:    
News Summary - Wayanad received 163 millimeters of rain; seven percent less rainfall compared to the previous year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.