ചേകാടി കുണ്ടുവാടിയിലെ വൈറൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയ സഞ്ചാരികൾ
പുൽപള്ളി: ഈ വൈറൽ ബസ് കാത്തിരിപ്പ് കേന്ദ്രം വനപാലകർക്ക് തലവേദനയാവുന്നു!. തീയറ്ററുകളിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്ന ബാലൻ എന്ന സിനിമക്കായി ചേകാടിയിൽ നിർമിച്ച ബസ്‍സ്റ്റോപ്പാണ് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകുന്നത്. സിനിമ ചിരിത്രീകരണത്തിന് ശേഷം ഈ കേന്ദ്രം അവിടെ തന്നെ നിലനിർത്തുകയായിരുന്നു. വനപാതയിലെ ഈ ബസ്‍സ്റ്റോപ്പ് കാണാനും ഫോട്ടോ-വിഡിയോ എടുക്കാനു സന്ദർശകരുടെ തിരക്കാണ്. സിനിമയുടെ ചിത്രീകരണത്തിനായി ചേകാടിക്ക് സമീപം കുണ്ടുവാടിയിൽ കഴിഞ്ഞ വർഷം നിർമിച്ച ബസ്‍സ്റ്റോപ്പ്, ഷൂട്ടിങ് കഴിഞ്ഞപ്പോൾ നാട്ടുകാരുടെ അഭ്യർഥന മാനിച്ചാണ് അണിയറപ്രവർത്തകർ നിലനിർത്തിയത്.
എന്നാൽ, സിനിമ റിലീസായതോടെ ബസ്‍സ്റ്റോപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നാലെ യൂട്യൂബർമാരുടെയും വ്ലോഗർമാരുടെയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരുടെയും ഒഴുക്ക് കുണ്ടുവാടിയിലേക്കും സമീപത്തെ ചേകാടിയിലേക്കും വർധിച്ചു. സിനിമയിലെ രംഗങ്ങൾ പുനഃസൃഷ്ടിക്കാനും ചിത്രങ്ങളും വിഡിയോകളും പകർത്താനുമായി എത്തുന്നവരിൽ പലരും അനുമതിയില്ലാതെ വനമേഖലയിലേക്ക് കടക്കുന്നതായും ഇത് വന്യജീവികൾക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്നതായും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വനത്തിലൂടെയുള്ള സുരക്ഷിതമല്ലാത്ത സഞ്ചാരം സന്ദർശകരുടെ ജീവനും ഭീഷണിയാണ്. ഇതോടെയാണ് ബസ്‍സ്റ്റോപ്പിന്റെ ഭാവിതന്നെ അനിശ്ചിതമായത്. ബസ്‍സ്റ്റോപ്പ് പൊളിച്ചുമാറ്റരുതെന്നാണ് നാട്ടുകാർ ഇപ്പോഴും പറയുന്നത്. പ്രദേശത്തെ ഉന്നതികളിലെ കുടുംബങ്ങൾക്ക് ഇത് ഒരു സിനിമാ സെറ്റ് മാത്രമല്ല. എല്ലാ രാവിലെയും കുട്ടികൾ സ്കൂൾ ബസ് കാത്തുനിൽക്കുന്ന ഇടവും, മഴയിലും വെയിലിലും വയോധികർ അഭയം തേടുന്ന തണലും, പുറംലോകത്തേക്കുള്ള പരിമിതമായ ബസ് സർവിസുകൾക്കായി തൊഴിലാളികൾ ഒത്തുചേരുന്ന കേന്ദ്രവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.