കാണുന്നില്ലേ, ഈ ദുരിതം; സുഗന്ധഗിരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തി​െൻറ പുതിയ കെട്ടിട നിർമാണം എങ്ങുമെത്തിയില്ല

പൊഴുതന: സുഗന്ധഗിരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തത് ചികിത്സ തേടിയെത്തുന്ന രോഗികളെ ദുരിതത്തിലാക്കുന്നു. കാലപ്പഴക്കത്താൽ കെട്ടിടം തകർച്ച ഭീഷണി നേരിടുന്നതിനാൽ സമീപത്തെ വൃന്ദാവൻ എൽ.പി സ്കൂളിലാണ് നിലവിൽ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാർ 2019 ^2020 വർഷത്തിൽ ആർദ്രം മിഷ​െൻറ ഭാഗമായാണ് സുഗന്ധഗിരി ഉൾപ്പെടെ ജില്ലയിലെ 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്.

പൊഴുതന പഞ്ചായത്തിലെ ആദിവാസി മേഖലയായ സുഗന്ധഗിരി പ്ലാ​േൻറഷനിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. അപകട സാധ്യത കണക്കിലെടുത്താണ് പ്രവർത്തനം താൽക്കാലികമായി സ്കൂളിലേക്ക് മാറ്റിയത്. സ്കൂളിലും പരിമിതമായ സൗകര്യങ്ങളാണുള്ളത്. ആദിവാസികൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. രോഗനിർണയത്തിന് ആവശ്യമായ ഉപകരണങ്ങൾ, ലബോറട്ടറി, ഫർണിച്ചർ, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങളെല്ലാം പരിമിതമാണ്. കെട്ടിടത്തിന് അര നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കെട്ടിടം ചോർന്നൊലിച്ച് ചുമരുകൾ വീണ്ടുകീറിയ നിലയിലാണ്.

വൈത്തിരി പഞ്ചായത്തിലെ ഏതാനും കുടുംബങ്ങളും ചികിത്സക്കായി സുഗന്ധഗിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ഡോക്ടർ, ആശുപത്രി ജീവനക്കാർ, ഫീൽഡ് സ്​റ്റാഫ് അടക്കം 25ഓളം ജീവനക്കാരുണ്ട്. കോവിഡ് രോഗ നിർണയത്തിനുള്ള സൗകര്യങ്ങളില്ലാത്തതും പ്രയാസം സൃഷ്​ടിക്കുന്നുണ്ട്.

ജില്ല കലക്ടർ സ്ഥലം സന്ദർശിച്ച സമയത്ത് പുതിയ കെട്ടിടത്തി​െൻറ നിർമാണം വേഗത്തിലാക്കണമെന്ന് നിർദേശം നൽകിയിരുന്നതാണ്. എന്നാൽ, അതിനുള്ള പ്രാരംഭ നടപടികൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. കെട്ടിട നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Tags:    
News Summary - sugandhagiri health center new building construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.