പൊഴുതന: പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമായി തുടരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിലായി പഞ്ചായത്തിലെ ആനോത്ത്, മുത്താരിക്കുന്ന്, അമ്പലക്കുന്ന് പ്രദേശങ്ങളിലെ നിരവധിപേരെ തെരുവുനായ് കടിച്ചു. ബുധനാഴ്ച വൈകീട്ടാണ് ആനോത്ത് ജങ്ഷന് സമീപത്ത് അക്രമകാരിയായ തെരുവുനായ് എത്തിയത്.
നായുടെ ആക്രമണത്തിൽ ആനോത്ത് സ്വദേശികളായ ശിവൻ, ബാബുട്ടൻ, മുസ്തഫ, ജംഷീർ, സുധീഷ് കുമാർ, ശിവദാസൻ, മുഹമ്മദ് ആമീൻ, മുത്താരിക്കുന്ന് സ്വദേശികളായ സുഹറാബി, ബിന്ദു, മനു, രജിന, അസീസ് എന്നിവർക്കാണ് കടിയേറ്റത്. കാലിനും ദേഹത്തും കടിയേറ്റവർ വൈത്തിരി താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടി. അക്രമകാരിയായ നായെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു.
പ്രദേശത്തെ ഭീതിയിലാക്കിയ തെരുവുനായ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്. തെരുവുനായ് പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർ നിസ്സംഗത തുടരുകയാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാമത്തെ തവണയാണ് പൊഴുതനയിൽ തെരുവുനായ് ആക്രമണം ഉണ്ടാവുന്നത്. വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിന് പഞ്ചായത്ത് അടിയന്തരമായി നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.