representational image

പൊഴുതനയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു

പൊഴുതന: മലയോര മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. ആൾപ്പാർപ്പില്ലാത്തതും പൊലീസിന് വേഗത്തിൽ എത്താൻ സാധിക്കാത്തതുമായ തോട്ടം മേഖല താവളമാക്കിയാണ് ലഹരി വസ്തുക്കളുടെ വില്‍പന പൊടിപൊടിക്കുന്നത്.

പൊഴുതന പഞ്ചായത്തിലെ ജനവാസ മേഖലയായ ആനോത്ത് പാലം, അച്ചൂർ, പൊഴുതന ടൗൺ, വൈത്തിരി പഞ്ചായത്തിൽപ്പെട്ട ചുണ്ടേൽ, പാപ്പാല പ്രദേശങ്ങൾ ഇത്തരം സംഘങ്ങളുടെ സ്ഥിരം താവളമാണ്.

നാട്ടുകാരുടെ എതിർപ്പ് ഉണ്ടായിട്ടും യാതൊരു കൂസലുമില്ലാതെ നിരവധിപേർ ലഹരി നുകരാന്‍ വൈകുന്നേരങ്ങളില്‍ ആനോത്ത് പാലത്തിന് സമീപത്ത് എത്തുന്നതായി പ്രദേശവാസികൾ പറയുന്നു. രാവും പകലും വിൽപന സജീവമാണ്. ജനവാസ മേഖലയായ ഇവിടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പലതവണ എത്താറുണ്ടെങ്കിലും പ്രതികളെ പിടിക്കുന്നത് അപൂർവമാണ്.

യുവാക്കള്‍ക്ക് പുറമേ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ കൂടി കണ്ണികളായുള്ള വലിയ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള നിരവധി സംഘങ്ങള്‍ പൊഴുതന കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നുണ്ട്.

ബിവറേജില്‍ നിന്ന് വാങ്ങി മദ്യം വന്‍ ലാഭത്തിന് മറിച്ച് വില്‍ക്കുന്ന സംഘങ്ങളും സജീവമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിരോധിത ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുമുണ്ട്. പൊഴുതനയിൽ കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ കാമ്പയിനുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

Tags:    
News Summary - Drug mafia in hilly areas increases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.