പാത്രിയർക്കീസ് ബാവ നാളെ വയനാട്ടിലെത്തും; വരവേൽക്കാൻ വൻ ഒരുക്കങ്ങൾ

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ 123-ാമത് പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട്ടില്‍ എത്തിച്ചേരും. ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലായിരുന്നു. മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലിക്കോപ്റ്ററിൽ എത്തുന്ന ബാവയെ ഭദ്രാസന മെത്രാപ്പോലീത്തയും ഭാരവാഹികളും ചേർന്ന് സ്വീകരിക്കും.

തുടർന്ന് നാലു മണിക്ക് ഭദ്രാസന ആസ്ഥാനമായ മീനങ്ങാടി അരമന ചാപ്പലിൽ ഭദ്രാസനം വിപുലമായ സ്വീകരണം നൽകും. അതിനു ശേഷം പ്രത്യേകം തയാറാക്കിയ വേദിയിൽനിന്ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്യും. ശേഷം, ജില്ലയിലെ പ്രമുഖരോടൊപ്പമുള്ള അത്താഴ വിരുന്നിൽ സംബന്ധിക്കും. രണ്ടാം തീയതി മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് കത്തീഡ്രലില്‍ രാവിലെ ഏഴര മണിക്ക് പ്രഭാത പ്രാർഥനയും തുടർന്ന് എട്ടര മണിക്ക് വി. കുർബാനയും അര്‍പ്പിച്ച് വിശ്വാസ സമൂഹത്തെ അനുഗ്രഹിക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയാതായി ഭദ്രാസന ഭാരവാഹികൾ അറിയിച്ചു. ഇരുപത് ദിവസത്തോളം നീളുന്ന ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് പാത്രിയർക്കീസ് ബാവ ഇവിടെയെത്തുന്നത്. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ്, മർക്കോസ് മോർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത, മോർ ഔഗേൻ അൽഖോറി അൽഖാസ മെത്രാപ്പോലീത്ത തുടങ്ങിയവരും ബാവയെ അനുഗമിക്കുന്നുണ്ട്. യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും വിശ്വാസികളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രമുഖരും ചടങ്ങുകളില്‍ സംബന്ധിക്കും. രണ്ടിന് ഉച്ചയോടെ ബാവ ഹെലികോപ്ടർ മാർഗം കോഴിക്കോടേയ്ക്ക് തിരിക്കും.

Tags:    
News Summary - Patriarch Bava will arrive in Wayanad tomorrow; Big preparations to welcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.