പാളക്കൊല്ലി ഭവനപദ്ധതി പൂര്‍ത്തിയായി ; എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും

പുല്‍പള്ളി: പാളക്കൊല്ലി പട്ടികവര്‍ഗ കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിന്​ മരഗാവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 26 വീടുകളുടെ ഉദ്ഘാടനം ആഗസ്​റ്റ്​ 26ന് വൈകീട്ട് മൂന്നിന് പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മരഗാവ് പാരിഷ് ഹാളില്‍ പ്രാദേശിക ചടങ്ങ് നടക്കും. പട്ടികവര്‍ഗ വകുപ്പ് മരഗാവില്‍ വിലകൊടുത്ത് വാങ്ങിയ 3.90 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചത്. 485 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച വീടിന് ആറു ലക്ഷം രൂപ വീതമാണ് ചെലവ്.

വയനാട് ജില്ല നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.

രണ്ട് കിടപ്പു മുറികളും വിശാലമായ ഹാളും അടുക്കളയും ടോയ്‌ലറ്റുമാണുള്ളത്​. കൂടാതെ വൈദ്യുതീകരണം, പ്ലമ്പിങ്​, പെയിൻറിങ്​, ജനല്‍- വാതിലുകളുടെ നിർമാണം തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച വീടുകള്‍ ഗുണനിലവാരമുള്ളതാണ്​.

2019 ഡിസംബറില്‍ ആരംഭിച്ച വീടുകളുടെ പ്രവൃത്തി ജില്ലയില്‍ ക്വാറി ഉല്‍പന്നങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലും കോവിഡ് മൂലമുള്ള ലോക്ഡൗണും ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും പുല്‍പള്ളി മേഖല തുടര്‍ച്ചയായി കണ്ടെയ്​ൻമെൻറ്​ സോണായതും മഴക്കെടുതിയും മറ്റ് ഒട്ടനവധി പ്രതികൂല സാഹചര്യങ്ങളും തരണംചെയ്താണ് പൂര്‍ത്തീകരിച്ചത്.

പാളക്കൊല്ലി കോളനിക്കാര്‍ക്ക് പുറമെ ഭൂരഹിതരായ പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ കോളനി നിവാസികള്‍ക്ക് വേണ്ടി പുല്‍പള്ളി മരകാവിലും ചേപ്പിലയിലുമായി 28 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഈ പ്രവൃത്തികളും രണ്ട് മാസത്തിനകം പൂര്‍ത്തീകരിച്ച് കൈമാറുമെന്ന് ജില്ല നിര്‍മിതി കേന്ദ്രം അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.