കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന സി.പി.എം നേതാവ് പി.എ. മുഹമ്മദ് (84) അന്തരിച്ചു. വയനാട്ടില്‍ സി.പി.എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമുതല്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാല്‍നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്നു. വൈത്തിരി ചേലോട് ഗുഡ്ഷെപ്പേര്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച പകല്‍ 11.30 ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു.
സി.പി.എം സംസ്ഥാന കമ്മറ്റി അംഗം, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു.
കണിയാമ്പറ്റ പന്തനംകുന്നന്‍ ആലിക്കുട്ടിയുടേയും കുഞ്ഞാമിയുടെയും മകനായി 1937ലാണ് പി.എ. മുഹമ്മദ് ജനിച്ചത്. കണിയാമ്പറ്റ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍, എന്നിവിടങ്ങളിലായിരുന്നു പഠനം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പി.യു.സിക്ക് ചേര്‍ന്നെങ്കിലും സാമ്പത്തിക പരാധീനത കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന പി.എക്ക് മടക്കിമല സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും കമ്യൂണിസ്റ്റുകാരനായതിനാല്‍ പിരിച്ച്വിട്ടു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ വീട്ടില്‍നിന്നും ഇറക്കിവിട്ടത് ഇക്കാലത്താണ്.
1958ല്‍ പാര്‍ടി അംഗത്വം ലഭിച്ച പി.എ. കര്‍ഷകസംഘം വില്ലേജ് ജോ. സെക്രട്ടറിയായാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1973ല്‍ സി.പി.എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സെക്രട്ടറിയേറ്റംഗമായി. 1982 മുതല്‍ 2007 വരെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായി. 2017ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാകും വരെ സംസ്ഥാന സമിതി അംഗമായിരുന്നു.അടിയന്തരാവസ്ഥ കാലത്തും, തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലും നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചു.
ഭാര്യ: പരേതയായ നബീസ. മക്കള്‍: നിഷാദ് (കെ.എസ്.ഇ.ബി കോണ്‍ട്രാക്ടര്‍), നെരൂദ (എന്‍ജിനിയര്‍, കെ.എസ്.ഇ.ബി), സലിം (പരേതന്‍). മരുമക്കള്‍: ഹാജ്റ (എസ്.എസ്.എ ഓഫീസ്), സീന, മിസ്രി. സഹോദരങ്ങള്‍: സെയ്ദ്, ഹംസ, ആസ്യ, നബീസ, കുഞ്ഞിപ്പാത്തുമ്മ, പരേതനായ ബീരാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.