ചുരം എട്ടാം വളവിൽ വിള്ളലുണ്ടായ ഭാഗം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചപ്പോൾ
വൈത്തിരി: വയനാട് ചുരം എട്ടാം വളവിനോട് ചേർന്ന് റോഡിന്റെ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടു. കഴിഞ്ഞദിവസം രാവിലെ 11ഓടെയാണ് ഈഭാഗത്ത് പണിയെടുക്കുന്ന തൊഴിലാളികൾ വിള്ളൽ കണ്ടത്. ഉടൻ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഈവഴി പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ജാഗ്രത നിർദേശം നൽകി. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാന പാതയിൽനിന്ന് അൽപം വേർപെട്ട നിലയിലാണ് കണ്ടെത്തിയത്.
നിലവിൽ മഴ പെയ്യുന്ന സാഹചര്യമായതിനാൽ ഈ ഭാഗത്ത് മണ്ണ് ഇനിയും ഒലിച്ചുപോകാൻ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ചുരത്തിൽ കനത്തമഴയാണ് പെയ്യുന്നത്.
ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി എട്ടാം വളവിലും ആറാം വളവിലും വലിയ തോതിൽ മണ്ണെടുത്തിരുന്നു. അടിവാരം പൊലീസ്, ദേശീയപാത ഉദ്യോഗസ്ഥർ, ചുരം സംരക്ഷണ സമിതി വളന്റിയർമാർ എന്നിവർ സ്ഥലത്തെത്തി. പിന്നീട് വിള്ളലുള്ള ഭാഗത്ത് ടർപോളിനും മണൽ ചാക്കുകളും വെച്ച് മൂടി.
ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സർവിസ് നടത്തുന്ന വലിയ മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഡ്രൈവർമാർ ഈഭാഗത്ത് പ്രത്യേകം ജാഗ്രത പുലർത്തണം. ഭാരമേറിയ ഇത്തരം വാഹനങ്ങൾ പോകുമ്പോൾ വശങ്ങളിലേക്ക് അമിതമായി ചേർക്കാതിരിക്കാൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണം.
ചുരം നവീകരണ പ്രവർത്തനങ്ങൾക്ക് ഒന്നരവർഷം സമയമാണ് നിശ്ചയിച്ചിട്ടുള്ളത്. ഭാരവാഹനങ്ങളെ പൂർണമായി നിയന്ത്രക്കണമെന്ന് ദേശീപാത അധികൃതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കലക്ടർ അത് പകൽ മാത്രമായി നിജപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.