കള്ളാടി ദുരന്തത്തിൽ കാണാതായ വിക്രം റാണ മീനാക്ഷിയിലെ തുരങ്കപാത പ്രദേശത്ത് പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് തൈ നടുന്നു (ഫയൽ ചിത്രം)
കള്ളാടി: മലയും മണ്ണും കുത്തിയൊലിച്ച് ദേഹത്തേക്കു പതിക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പ് വിക്രം റാണ പ്രിയതമയായ സാഷി റാണയെ ഫോണിൽ വിളിച്ച് വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. പിന്നീടിങ്ങോട്ട് മൂന്നു ദിവസമായി ആ ഫോണിന്റെ ഇങ്ങേ തലക്കൽ നിത്യമൗനമാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.15നാണ് മേപ്പാടി ചൂരൽമല റോഡിലെ മീനാക്ഷിയിൽ തുരങ്കപാത പദ്ധതി പ്രദേശത്ത് മലയിടിഞ്ഞുള്ള ദുരന്തമുണ്ടായത്. അതിന്റെ അഞ്ചുമിനിറ്റ് മുമ്പാണ് ഹിമാചൽപ്രദേശ് സ്വദേശിയായ വിക്രം റാണ നാട്ടിലുള്ള ഭാര്യയെ വിളിക്കുന്നത്. ദുരന്തത്തിൽ കാണാതായ അഞ്ചുപേരിൽ അദ്ദേഹവും ഉണ്ടെന്നറിഞ്ഞതോടെ പ്രാർഥനയോടെ പ്രിയതമനായി കണ്ണുനട്ടുകാത്തിരിക്കുകയാണ് അവർ. അവസാനം വിളിച്ചപ്പോൾ അസാധാരണമായി ഒന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂൺ അഞ്ചിന് പരിസ്ഥിതിദിനത്തിൽ തുരങ്കപാത പ്രദേശത്ത് അദ്ദേഹം തൈ നടുന്ന ചിത്രം അയച്ചുകൊടുത്തിരുന്നു. ഹിമാചലിലെ കാങ്ക്റ ജില്ലക്കാരനായ വിക്രം നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിൽ അഞ്ചര കൊല്ലമായി ജോലി ചെയ്യുന്നു.
ഒന്നരക്കൊല്ലമായി വയനാട്ടിലെ തുരങ്കപാത പദ്ധതിയിൽ കൺസ്ട്രക്ഷൻ മാനേജരാണ്. ഫ്രാൻസിൽ എം.എസ്‍സി അഗ്രികൾച്ചർ പഠിക്കുന്ന വിശാഖ റാണ മകളും പിഎച്ച്.ഡി വിദ്യാർഥി ഹിമാൻഷു റാണ മകനുമാണ്. കാങ്ക്റ ജില്ല കലക്ടറാണ് വയനാട്ടിലെ ദുരന്തവും വിക്രമിനെ കാണാതായ വിവരവും കുടുംബത്തെ അറിയിച്ചതെന്ന് ബന്ധുവായ അങ്കുഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിവരമറിഞ്ഞയുടൻ ഇദ്ദേഹം വയനാട്ടിലെത്തി കലക്ടർ ഡി.ആർ. മേഘശ്രീയെയും മന്ത്രി ടി. സിദ്ദീഖിനെയും കണ്ടു. പ്രിയങ്ക ഗാന്ധി എം.പി അങ്കുഷിനെ നേരിട്ട് ഫോണിൽ വിളിച്ചു. എല്ലാവിധ സഹായവും കേരള സർക്കാർ ചെയ്യുമെന്ന് ഉറപ്പുകിട്ടി. കരാർ കമ്പനിയിൽനിന്ന് ദുരന്തത്തിനിരയായവർക്ക് നഷ്ടപരിഹാരം കിട്ടേണ്ടതുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കമ്പനി അധികൃതർ അനുകൂല സമീപനമല്ല സ്വീകരിക്കുന്നതെന്നും അങ്കുഷ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതൽ തിരച്ചിൽ നടക്കുന്ന മീനാക്ഷിയിൽ അങ്കുഷുമുണ്ട്.
വിക്രം റാണ അടക്കം അഞ്ചുപേരെയാണ് മലയിടിച്ചിൽ ദുരന്തത്തിൽ കാണാതായത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം വ്യാഴാഴ്ചത്തെ തിരച്ചിലിൽ കണ്ടെത്തിയതോടെ ആകെ മരണം ആറായി. റാണയെയും ബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈതിനെയുമാണ് ഇനി കണ്ടെത്താനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.