അബിന്‍ കെ. ബോവസ്
സുൽത്താൻ ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. തോമാട്ടുചാല്‍, കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബോവസിനെ (29)യാണ് വെള്ളിയാഴ്ച പാതിരിപ്പാലത്ത് വെച്ച് ബത്തേരി പൊലീസ് പിടികൂടിയത്.
കൊലപാതക ശ്രമം, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ ഉള്‍പ്പെടെ അമ്പലവയല്‍, മേപ്പാടി, ബത്തേരി സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ് ആക്ട് തുടങ്ങി ബത്തേരി, അമ്പലവയല്‍ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കുറിച്യാട് ഫോറസ്റ്റ് സ്റ്റേഷനിലും കേസുണ്ട്. ഇയാള്‍ വൈത്തിരി സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
24ന് രാത്രിയാണ് ബത്തേരി ഐസക് ബാറിന് മുന്‍വശം വെച്ച് ബീനാച്ചി സ്വദേശിക്ക് ക്രൂരമായി ആക്രമണത്തില്‍ മാരക പരിക്കേറ്റത്. സംജാദും ബീനാച്ചി സ്വദേശിയുമുള്‍പ്പെട്ട റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണ കാരണം. കൈമുട്ടിനും കണ്ണിനും ഷോള്‍ഡറിനും പരിക്കേറ്റ യുവാവ് അത്യാസന്നനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.