കൽപറ്റ: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസിന് രൂപാന്തരം സംഭവിച്ച് ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
വിദേശത്തുനിന്ന് വന്ന് ജില്ലയില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും ഏഴു ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ് അടുത്ത ദിവസം ആര്.ടി.പി.സി.ആര് പരിശോധന നടത്തി നെഗറ്റിവ് ആണെങ്കില്‍ ഏഴു ദിവസംകൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് കലക്ടര്‍ അറിയിച്ചു.
തോല്‍പ്പെട്ടി, മുത്തങ്ങ, ബാവലി അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ കോവിഡ് 19 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 72 മണിക്കൂറിനുള്ളിൽ ഉള്ളതോ വിമാനത്താവളത്തിൽനിന്നുള്ളതോ ആയ ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് പരിശോധനക്കു വിധേയമാക്കണം.
വിദേശത്തുനിന്നെത്തുന്നവര്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാര്‍ഡ്തല ആര്.ആര്.ടി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലെ കണ്ട്രോൾ റൂമുകളിലേക്ക് ആവശ്യത്തിന് ആളുകളെ നിയോഗിക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്കി. കണ്ട്രോൾ റൂമുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും മുനിസിപ്പല്‍ സെക്രട്ടറിമാരെയും നിയോഗിച്ചു.
ചെക്ക്പോസ്റ്റുകളില്‍ പരിശോധനക്കായി ഡെപ്യൂട്ടി തഹസില്‍ദാര്‍/ജൂനിയര്‍ സൂപ്രണ്ട് റാങ്കില്‍ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫിസര്‍ ചുമതല നല്കി നിയമിക്കും.
പരിശോധനക്ക് പൊലീസിനെയും നിയോഗിക്കും. നിലവില്‍ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ചുമതലയുള്ള വകുപ്പുകളിലെ ജീവനക്കാരുടെ സേവനം തുടരേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.