മുതിരേരിയിലെ താൽക്കാലിക പാലം
മാനന്തവാടി: കാലവർഷം കനത്തതോടെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മുതിരേരി താൽക്കാലിക പാലം വെള്ളത്തിലായി. പാലത്തിന്‍റെ ഒരുഭാഗത്തുകൂടി അതിശക്തമായി വെള്ളം ഒഴുകുന്നതിനാൽ ഇതിലൂടെ പ്രദേശവാസികൾക്ക് യാത്രചെയ്യാൻ കഴിയാതെയായി.
അപകടാവസ്ഥയിലായ ഈ പാലം വീണ്ടും തകരാനുള്ള സാധ്യത നിലനിൽക്കുകയാണ്. ഇതോടെ യാത്രാദുരിതം നേരിടുകയാണ് പ്രദേശത്തെ ജനങ്ങൾ.
മാനന്തവാടി - വിമലനഗർ - കുളത്താട - വാളാട് - പേര്യ റോഡ് നവീകരണത്തിന്‍റെ ഭാഗമായാണ് മുമ്പുണ്ടായിരുന്ന പാലം പൊളിച്ച് താൽക്കാലിക പാലം നിർമിച്ചത്. മണൽച്ചാക്കും മണ്ണും പൈപ്പും മറ്റും ഉപയോഗിച്ചാണ് താൽക്കാലിക പാലം നിർമിച്ചിരുന്നത്. എന്നാൽ, ശക്തമായ മഴയിൽ മുമ്പ് ഈ താൽക്കാലിക പാലം രണ്ടുതവണ തകർന്നിരുന്നു. പ്രദേശവാസികൾ പ്രതിഷേധമുയർത്തിയതോടെ പിന്നീട് വീണ്ടും അധികൃതർ ഇവിടെ താൽക്കാലികപാലം നിർമിക്കുകയായിരുന്നു.
കുളത്താട, പോരൂർ യവനാർകുളം, ഒരപ്പ്, ആറോല എന്നീ പ്രദേശങ്ങളിലുള്ളവരാണ് പാലത്തിൽ വെള്ളം കയറിയതോടെ ഇപ്പോൾ വലഞ്ഞത്. മുതിരേരി ഗവ. എൽപി, യു.പി സ്കൂൾ, യവനാർകുളം ബദനി സ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഇവിടെയുള്ളവർക്ക് തലപ്പുഴ, മാനന്തവാടി എന്നിവിടങ്ങളിലേക്ക് എത്തണമെങ്കിൽ ഏഴ് കി.മീ ചുറ്റി ഒരപ്പ് വഴിയും 15 കിലോമീറ്ററിലധികം ചുറ്റിക്കറങ്ങി കാട്ടിമൂല വഴിയും യാത്ര ചെയ്യണം. ഒരു മുന്നൊരുക്കവും നടത്താതെയാണ് മുതിരേരി പാലം പൊളിച്ചതെന്നും ജനങ്ങളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണുള്ളതെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ ജില്ല ലീഗൽ സർവിസ് അതോറിറ്റിയെ സമീപിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ സബ് ജഡ്ജ് ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി വേണ്ട നിർദേശം നൽകിയെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
മുതിരേരിയിലെ താൽക്കാലിക പാലത്തിന് സമീപത്തുതന്നെ നിർമിക്കുന്ന പുതിയ പാലത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.