വിനോദയാത്രക്കിടെ പ്രധാനാധ്യാപകനും പി.ടി.എ പ്രസിഡന്റും മദ്യപിച്ചതായി ആരോപണം; മീനങ്ങാടി സ്കൂളിൽ നാടകീയ രംഗങ്ങൾ
സുൽത്താൻ ബത്തേരി: വിനോദയാത്രക്കിടെ പ്രധാനാധ്യാപകനും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണത്തെത്തുടർന്ന് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാടകീയ രംഗങ്ങൾ. ഇതുസംബന്ധിച്ച് വിദ്യാർഥികളുടെ വിഡിയോ പുറത്തുവന്നിരുന്നു.
ബുധനാഴ്ച രാവിലെ രക്ഷിതാക്കൾ സംഘടിച്ച് സ്കൂളിലെത്തിയതോടെ സംഘർഷസാധ്യതയും ഉണ്ടായി. സംഭവത്തിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. നിഷ്പക്ഷ അന്വേഷണത്തിനുശേഷം കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നാണ് സ്കൂളിലെത്തിയ ഹയർസെക്കൻഡറി ജില്ല കോഓഡിനേറ്റർ ഡോ. ടി.എ. ജലീൽ അറിയിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സ്കൂളിൽനിന്ന് ഹൈദരാബാദിലേക്ക് മൂന്നു ബസുകളിലായി ഹയർ സെക്കൻഡറിയിലെ 130 വിദ്യാർഥികൾ വിനോദയാത്രക്ക് പോയത്. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര. തിരിച്ചുപോരും വഴിയാണ് പി.ടി.എ പ്രസിഡന്റിന്റെയും പ്രിൻസിപ്പലിന്റെയും പെരുമാറ്റത്തിൽ വിദ്യാർഥികൾക്ക് അസ്വാഭാവികത തോന്നിയത്. കുട്ടികൾ ഇതിന്റെ വിഡിയോ പകർത്തുകയും ചെയ്തു.
രാവിലെ വിനോദയാത്ര സംഘം സ്കൂളിൽ എത്തിയതോടെ കാത്തുനിന്ന രക്ഷിതാക്കൾ അധ്യാപകരെ ചോദ്യം ചെയ്യുകയായിരുന്നു. പ്രിൻസിപ്പലിനെ സ്കൂളിലേക്ക് കയറാൻ രക്ഷിതാക്കൾ അനുവദിച്ചില്ല. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്നും പി.ടി.എ പ്രസിഡന്റിനെ പുറത്താക്കണമെന്നുമായിരുന്നു രക്ഷിതാക്കൾ ആവശ്യപ്പെട്ടത്. പൊലീസെത്തി പ്രിൻസിപ്പൽ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ മീനങ്ങാടി കമ്മ്യൂണിറ്റി സെന്ററിലെത്തിച്ച് അദ്ദേഹത്തിന്റെ രക്തം പരിശോധനക്കെടുത്തു.
എന്നാൽ, മൂത്ര പരിശോധനക്ക് പ്രിൻസിപ്പൽ വിസമ്മതിച്ചു. ഇതോടെ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായി. രക്തപരിശോധന ഫലം വ്യാഴാഴ്ച വൈകീട്ടോടെ മാത്രമേ പുറത്തുവരൂ.
പി.ടി.എ പ്രസിഡന്റ് മദ്യപിച്ചുവെന്ന് കുട്ടികൾ പരാതിപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വഴിയിൽ ഇറക്കിവിട്ടെന്നും താൻ മദ്യപിച്ചിട്ടില്ലെന്നുമാണ് പ്രിൻസിപ്പൽ ഷിബി കൃഷ്ണൻ നൽകിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.