ജി​ല്ല​യി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദീ​ഖി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം

വരള്‍ച്ച പ്രതിരോധം; സ്വാഭാവിക മഴവെള്ള സംഭരണ രീതികള്‍ പ്രോത്സാഹിപ്പിക്കണം -മന്ത്രി ടി. സിദ്ദീഖ്

കൽപറ്റ: ജില്ലയിലെ ഗുരുതര വരള്‍ച്ച സാഹചര്യവും കാര്‍ഷിക മേഖലയിലെ ഉൽപാദനക്കുറവും പരിഹരിക്കാന്‍ സ്വാഭാവിക മഴവെള്ള സംഭരണ രീതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖ്. സ്വാഭാവിക മഴവെള്ള സംഭരണത്തിലൂടെ വരള്‍ച്ചയെ അതിജീവിച്ച് മാതൃകാപരമായ കൃഷി നടത്തുന്ന പ്രാദേശിക കര്‍ഷകരുടെ മാതൃകകള്‍ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുന്നതിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ കൃഷി ഓഫിസര്‍മാരും തദ്ദേശ സ്ഥാപനങ്ങളും മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ പെയ്ത മഴയില്‍ ശരാശരി 28 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയതായും താപനില ഒരുഡിഗ്രി സെല്‍ഷ്യസ് വർധിച്ചാല്‍ കാര്‍ഷിക മേഖലയില്‍ 10 ശതമാനംവരെ ഉൽപാദന നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണെന്നും യോഗം വിലയിരുത്തി. ജില്ല അഭിമുഖീകരിക്കുന്ന വരള്‍ച്ച സാഹചര്യത്തെയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെയും നേരിടാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജല അതോറിറ്റി, ഭൂജല-കൃഷി വനം-മൃഗസംരക്ഷണ വകുപ്പ്, ഇറിഗേഷന്‍-കെ.എസ്.ഇ.ബി, ബാണാസുര-കാരാപ്പുഴ പദ്ധതി പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ഊർജിതമാക്കും. വരള്‍ച്ച പ്രതിരോധത്തിന് ജില്ലയില്‍ അടിയന്തരമായി നടപ്പാക്കേണ്ട ചെറുകിട-ദീര്‍ഘകാല പദ്ധതികള്‍ തദ്ദേശ സ്വയംഭരണ തലത്തില്‍ തയാറാക്കി 10 ദിവസത്തിനകം ജില്ല കലക്ടര്‍ മുഖേന സര്‍ക്കാറിന് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.

ജില്ലയില്‍ കേടുപാടു സംഭവിച്ച തടയണകളുടെ അറ്റകുറ്റപ്പണി, മണ്ണും ചെളിയും നീക്കല്‍, പുതിയ ചെക്ക് ഡാമുകളുടെ നിർമാണം, ഡ്രിപ്പ് ഇറിഗേഷന്‍ സ്‌കീമുകള്‍ എന്നിവ വേഗത്തിലാക്കും. മരം കൊണ്ടുള്ള ഷട്ടറുകള്‍ക്ക് പകരം കൂടുതല്‍ ഈടുനില്‍ക്കുന്ന ഫെബര്‍ റെയിന്‍ഫോഴ്‌സ് പ്ലാസ്റ്റിക് ഷട്ടറുകള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു. കബനി, കാരാപ്പുഴ, ബാണാസുര സാഗര്‍ ഡാമുകളിലെ ജലനിരപ്പ്, ജല ലഭ്യത യോഗം വിലയിരുത്തി. ഇറിഗേഷന്‍ വകുപ്പും മറ്റു ഏജന്‍സികളും നിലവില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാകാത്ത എല്ലാ പ്രവൃത്തികളും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിർദേശം നല്‍കി.

വരള്‍ച്ച രൂക്ഷമാകുന്നതോടെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷിക്കും ജീവനും ഭീഷണിയാകുന്നത് തടയാനും നീലഗിരി ബയോസ്ഫിയറുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലകളില്‍നിന്ന് വന്യമൃഗങ്ങള്‍ ജലാശയങ്ങള്‍ തേടി നാട്ടിലേക്കിറങ്ങുന്നത് തടയാനും വനം വകുപ്പിന്റെ പ്രത്യേക ഇടപെടല്‍ ഉറപ്പാക്കും. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, എ.ഡി.എം കെ. അജീഷ്, ഡെപ്യൂട്ടി കലക്ടര്‍ ഇ. സുരേഷ് ബാബു, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Wayanad Plans to Tackle Drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.