ബന്ദിപ്പൂർ പാതയിലെ രാത്രിയാത്ര നിരോധം: സംയുക്ത ബദൽ നിർദേശവുമായി കേരള-കർണാടക സർക്കാറുകൾ
കൽപറ്റ: കേരള-കർണാടക സംസ്ഥാന സർക്കാറുകൾ സംയുക്തമായി ബദൽ നിർദേശം സമർപ്പിക്കുന്ന പശ്ചാത്തലത്തിൽ ബന്ദിപ്പൂർ പാതയിലെ രാത്രിയാത്ര നിരോധം നീങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. 2009 ജൂണ്‍ ഒന്നിനാണ് വയനാട്-മൈസൂരു ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പൂരില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെ രാത്രിയിലുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്. അന്നത്തെ ചാമരാജ്നഗര്‍ കലക്ടറാണ് ഉത്തരവിട്ടത്.
വയനാട് അതിര്‍ത്തി മുതല്‍ മദൂര്‍ ചെക്ക്പോസ്റ്റ് വരെയുള്ള 18 കിലോമീറ്റര്‍ വനമേഖലയിലാണ് നിരോധനം. പാതയില്‍ വാഹനങ്ങളിടിച്ച് വന്യമൃഗങ്ങള്‍ ചാകുന്നത് വര്‍ധിച്ചതോടെയാണ് കർണാടക സര്‍ക്കാര്‍ കടുത്ത തീരുമാനമെടുത്തത്. ഉടൻതന്നെ നിരോധനം നീക്കുമെന്ന പ്രതീക്ഷ ആദ്യകാലത്ത് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നിരാശ മാത്രമായി.
രാത്രിയാത്ര നിരോധത്തിന് പരിഹാരമായി കേരള-കർണാടക സംസ്ഥാന സർക്കാറുകളുടെ സംയുക്ത ബദൽ നിർദേശം സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞ ദിവസം നിയമസഭയിൽ സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണനെ അറിയിച്ചത്. രാത്രിയാത്ര നിരോധനം സംബന്ധിച്ച് കർണാടക ഹൈകോടതി വിധി റദ്ദാക്കാതിരുന്ന സുപ്രീം കോടതി, ബദൽ പദ്ധതികൾ നിർദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുരങ്കം ആണോ മൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ തടസ്സമില്ലാതെ മുകളില്‍കൂടി പോകുന്ന പാതയാണോ വേണ്ടതെന്ന് ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തി ഡി.പി.ആർ തയാറാക്കിയാലേ ഇതുസംബന്ധിച്ച് സുപ്രീം കോടതിയിലെ കേസിൽ എന്തെങ്കിലും മാറ്റം വരൂ.
ബദൽ നിർദേശവുമായി ബന്ധപ്പെട്ട കൂടിയാലോചന നടത്താമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറും അറിയിച്ചിട്ടുണ്ട്. നിരോധനം മൂലം ഏറെ പ്രതിസന്ധിയിലായ വയനാടിന്റെ എം.പി പ്രിയങ്ക ഗാന്ധിയും ഇടപെടുന്നുണ്ട്. കര്‍ണാടക സര്‍ക്കാറുമായുള്ള ചര്‍ച്ചക്ക് ബംഗളൂരുവിൽ എത്താമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. എന്‍.എച്ച് 766, എന്‍.എച്ച് 67 എന്നിവ ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിലൂടെയും ടൈഗര്‍ റിസര്വിലൂടെയുമാണ് കടന്നുപോകുന്നത്.
യാത്രാനിരോധന സമയത്ത് കുട്ട വഴി മാനന്തവാടിയിലെത്തിയാണ് കേരളത്തിലേക്കുള്ള കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ നിലവിൽ യാത്ര തുടരുന്നത്. നിരോധനത്തിനെതിരെ കേരളം പ്രതിഷേധം ഉയര്‍ത്തുകയും ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ കർണാടക വനംവകുപ്പ് നിരോധനം തുടരണമെന്ന കർശന നിലപാടാണ് സ്വീകരിക്കുന്നത്. സുപ്രീം കോടിതിയിലെ ഹരജിയിലാണ് മേൽപാല നിര്‍മാണമെന്ന ബദല്‍ ആശയം രൂപപ്പെട്ടത്. എന്നാൽ പദ്ധതിക്കെതിരെ കര്‍ണാടകയിലെ വിവിധ പരിസ്ഥിതി സംഘടനകള്‍ രംഗത്തുണ്ട്.
നിരോധനസമയത്ത് മുത്തങ്ങ-മൂലഹള്ള ചെക്ക് പോസ്റ്റിലാണ് വയനാട് ഭാഗത്ത് വാഹനങ്ങൾ തടയുന്ന സ്ഥലം. സുൽത്താൻ ബത്തേരിയിൽ നിന്ന് 16 കി.മീ. അകലെയാണിത്.
ഇവിടെ രാത്രി 8.30 മുതൽ തന്നെ പൊലീസ്/ഫോറസ്റ്റ് അധികൃതർ വാഹനങ്ങൾ തടഞ്ഞുനിർത്താൻ തുടങ്ങും. ഒമ്പത് മണിക്ക് ഗേറ്റ് പൂട്ടും. കർണാടക ഭാഗത്ത് മെൽക്കമനഹള്ളി-ഗുണ്ടൽപേട്ട് ഭാഗത്തുനിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെയും ഇതേസമയം തടയും. ആംബുലൻസ്, ഫയർ ഫോഴ്സ് പോലുള്ള എമർജൻസി വാഹനങ്ങൾ, പ്രത്യേക അനുമതിയുള്ള കേരള ആർ.ടി.സി ബസുകൾ എന്നിവ മാത്രമാണ് കടത്തിവിടുക.
രാത്രിയാത്ര നിയന്ത്രണം അട്ടിമറിച്ചാൽ ചെറുക്കും -പ്രകൃതി സംരക്ഷണ സമിതി
സുൽത്താൻ ബത്തേരി: ബന്ധിപ്പൂർ കടുവ സങ്കേതത്തിലെ റോഡുകളിൽ കഴിഞ്ഞ17 വർഷമായി നിലനിൽക്കുന്ന രാത്രിയാത്രാ നിയന്ത്രണം അവസാനിപ്പിക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നിയമസഭയിലെ ഉപക്ഷേപവും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടിയും പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള വിലകുറഞ്ഞ ഗിമ്മിക്കാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തി. രാത്രിയാത്ര നിയന്ത്രണം അട്ടിമറിച്ചാൽ ചെറുക്കും.
ചാമരാജ് ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ട രാത്രിയാത്രാ നിയന്ത്രണം അന്നത്തെ കർണാടക മുഖ്യമന്തി യെദിയൂരപ്പ പിൻവലിച്ചതിനെ തുടർന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും അഡ്വ. ശ്രീനിവാസ ബാബുവും കർണാടക ഹൈകോടതിയിൽ നൽകിയ രണ്ടു വ്യത്യസ്ത റിട്ടു ഹരജികളെ തൂടർന്നാണ് നിലവിലുള്ള നിയന്ത്രണം നിലവിൽവന്നത്. ഇതിനതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ ഹർജിയിൽ ഇതുവരെ സ്റ്റേ ലഭിച്ചിട്ടില്ല. 20 വർഷക്കാലമായി സുൽത്താൻ ബത്തേരിയും ബംഗളൂരൂവും കേന്ദ്രീകരിച്ച ഹവാല സംഘവും മറ്റു ഗൂഢശക്തികളും ഒളിഞ്ഞും തെളിഞ്ഞും രാത്രിയാത്രാ നിയന്ത്രണം മറികടക്കാൻ നടത്തിയ മുഴുവൻ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടു. വയനാട്ടിലെയും കർണാടകത്തിലെയും ജനങ്ങൾ ഇതുമായി പൊരുത്തപെട്ടുകഴിഞ്ഞു. ചില രാഷ്ടീയ തത്പരകക്ഷികൾ മാത്രമാണ് ഇടക്കിടെ ഉറക്കത്തിൽനിന്നുണർന്ന് രാത്രിയാത്ര നിരോധം ഉയർത്തികൊണ്ടിരിക്കുന്നത്. നിയന്ത്രണം വയനാടിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലയിൽ ഒരുവിധത്തിലും പ്രതികൂലമായി ബാധിച്ചിട്ടില്ല. ടൂറിസം മേഖലയും ടൂറിസ്റ്റ് ഹോമുകളും കച്ചവട മേഖലയും റിസോർട്ടുകളും വൻതോതിൽ വളരാൻ കാരണമായിട്ടുണ്ട്.
കേരള-കർണാടക സർക്കാറുകൾ സമവായത്തിലെത്തി കോടതിയെ അറിയിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന വസ്തുതകൾ വളച്ചൊടിക്കലാണ്. കേരള സർക്കാറിന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിച്ചത് രാത്രിയാത്രാ നിയന്ത്രണം പിൻവലിക്കാനുള്ള സമവായത്തിനല്ല, കർണാടകക്കു കൂടി സ്വീകാര്യമായ ബദലുകൾ നിർദേശിക്കാനാണ്. അത് സുപ്രീംകോടതിക്ക് ബോധ്യപ്പെടുകയും വേണം. വയനാടുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജൈവമേഖലയുടെ മർമകേന്ദ്രമായ ബന്ദിപൂർ-നാഗർഹൊളെ നാഷനൽ പാർക്കിലെയും വയനാട് വന്യജീവി കേന്ദ്രത്തിലെയും വന്യജീവികൾക്ക് വലിയ ആശ്വാസമാണ് നിലവിലുള്ള രാത്രിയാത്രാ നിയന്ത്രണം. ഇതിൽ ഏതെങ്കിലും വിധത്തിൽ അയവു വരുത്തിയാൽ അതിനെ കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും പരിസ്ഥിതിപ്രവർത്തകർ ഒറ്റക്കെട്ടായി ചെറുക്കുമെന്നും സമിതി വ്യക്തമാക്കി. യോഗത്തിൽ സമിതി അധ്യക്ഷൻ എൻ. ബാദുഷ, എ.വി. മനോജ്, ബാബു മൈലമ്പാടി, തച്ചമ്പത്തു രാമകൃഷ്ണൻ, തോമസ് അമ്പലവയൽ, സണ്ണി മരക്കടവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.