ചാ​ലി​ൽ-​മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം റോ​ഡ്

പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി ;ചാലിൽ-മീൻമുട്ടി വെള്ളച്ചാട്ടം റോഡ് നവീകരിക്കാൻ വഴിയൊരുങ്ങി

പടിഞ്ഞാറത്തറ: വർഷങ്ങൾക്ക് ശേഷമാണെങ്കിലും ചാലിൽ-മീൻമുട്ടി വെള്ളച്ചാട്ടം റോഡ് നവീകരിക്കാൻ വഴിയൊരുങ്ങുന്നു. പൊതുമരാമത്തു വകുപ്പ് ഈ റോഡ് നവീകരണത്തിനായി 2.60 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകിയതാണ് ഒടുവിൽ പ്രതീക്ഷയാവുന്നത്. കോറോത്തുനിന്ന്‌ ചാലിൽ പ്രദേശത്തുകൂടി മീൻമുട്ടി വെള്ളച്ചാട്ടത്തിനരികിൽ വരെയാണ് റോഡുള്ളത്.

തൊണ്ടർനാട് പഞ്ചായത്ത് ഈ റോഡ് നവീകരണത്തിനായി മാസങ്ങൾക്കുമുൻപ്‌ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. പൊതുമരാമത്തു വകുപ്പ് റോഡു നവീകരണത്തിനായി നടപടികൾ വേഗത്തിലാക്കി. സാങ്കേതികാനുമതികൂടി ലഭ്യമാകുന്നതോടെ റോഡുപണി തുടങ്ങാൻ കഴിയുമെന്ന് തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറയുന്നു. റോഡ് പാടേ തകർന്നതിനാൽ ഇതിലൂടെയുള്ള കാൽനടയാത്രപോലും ദുഷ്കരമായിരുന്നു. അറ്റകുറ്റപ്പണി നടത്തിയാലും വെള്ളം ഒഴുകിപ്പോകാൻ ഓവുചാലുകൾ ഇല്ലാത്തതിനാൽ റോഡ് തകരുന്നത് പതിവായി. പ്രദേശവാസികളടക്കമുള്ളവർ ഇതിലൂടെ ദുരിതംതാണ്ടിയാണ് സഞ്ചരിച്ചിരുന്നത്. വാഹനങ്ങൾ ഇതുവഴി വരാൻകൂടി മടിച്ചതോടെ കാർഷികോത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതും വെല്ലുവിളിയായിരുന്നു.

മീൻമുട്ടിയിലേക്കും നാരങ്ങാച്ചാൽ വ്യൂപോയിന്റിലേക്കുമുള്ള റോഡാണിത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ മീൻമുട്ടിയിലേക്കുള്ള ഏക യാത്രാവഴിയാണിത്. സീസണിൽ നൂറുകണക്കിന് സഞ്ചാരികളെത്തുന്ന മീൻമുട്ടിയിലേക്കുള്ള റോഡ് പൂർണമായും തകർന്നതോടെ സഞ്ചാരികളെല്ലാം ഈ കേന്ദ്രത്തെ കൈയൊഴിഞ്ഞിരുന്നു. ഇരുചക്രവാഹനത്തിലെത്തുന്നവർപോലും റോഡ്‌ കുഴിയായതിനാൽ ഇവിടെനിന്ന്‌ പാതിവഴിയിൽ തിരിച്ചുപോകേണ്ടിവന്നിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് മീൻമുട്ടി ഇക്കോടൂറിസം കേന്ദ്രം വനംവകുപ്പ് വികസിപ്പിച്ചെങ്കിലും സഞ്ചാരികളുടെ കുറവ് ഈ കേന്ദ്രത്തെ സാരമായി ബാധിച്ചു. നാരങ്ങാച്ചാൽ വ്യൂപോയിന്റ് സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. മീൻമുട്ടി വെള്ളച്ചാട്ടത്തിന് വിളിപ്പാടകലെയാണിത്. സാഹസിക വിനോദസഞ്ചാരികളെയും മറ്റും ആകർഷിക്കുന്ന ഈ വ്യൂപോയിന്റിലേക്ക് മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ സഞ്ചാരികളുടെ പ്രവാഹമാണ്.

മീൻമുട്ടിയിലേക്ക് പോകുന്ന ഈ റോഡുതന്നെയാണ് നാരങ്ങാച്ചാലിനും ആശ്രയം. ഈ രണ്ടു വിനോദകേന്ദ്രങ്ങളെയും ചേർത്ത് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പരിഗണനയിലാണ്. റോഡ് നന്നാകുന്നതോടെ ഈ കേന്ദ്രവും പ്രതീക്ഷയിലാണ്. മഴക്കാലത്തും തടസ്സങ്ങളില്ലാതെ വാഹനമെത്തുകയാണെങ്കിൽ അതു വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഊർജംപകരും. റോഡിന്റെ പണി എത്രയും പെട്ടെന്ന് തുടങ്ങാനുള്ള നടപടിഎടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - 2.6 Crore for Meenmutty Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.