ഗൂഡല്ലൂർ: ഗൂഡല്ലൂർ മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ടുപേർ വീടിന് ഡോർ നമ്പർ അനുവദിക്കാൻ 11,000 രൂപ കൈക്കൂലി വാങ്ങവെ പൊലീസിന്റെ പിടിയിലായി. റവന്യൂ അസിസ്റ്റന്റ് ശ്രീജിത്ത് , സഹായി രമേശ് എന്നിവരാണ് പണം കൈമാറുന്നതിനിടെ അഴിമതി വിരുദ്ധ പൊലീസിന്റെ പിടിയിലായത്.
ഗൂഡല്ലൂരിന് സമീപം തൊറപ്പള്ളി പ്രദേശത്തെ ഒരു ഗുണഭോക്താവാണ് ചേരി പരിവർത്തന പദ്ധതിയിൽ വീട് നിർമിക്കുന്നതിന് ഡോർ നമ്പർ ലഭിക്കുന്നതിനായി നഗരസഭ ഓഫീസിലെ റവന്യൂ അസിസ്റ്റന്റിനെ സമീപിച്ചത്. ഡോർ നമ്പർ നൽകാൻ 11000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
തുടർന്ന് ഊട്ടിയിലെ അഴിമതി വിരുദ്ധ പൊലീസിൽ പരാതി നൽകി. പരാതിയിൽ അഴിമതി വിരുദ്ധ വിഭാഗം ഇൻസ്പെക്ടർ ഗീതാലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് കേസെടുത്തു.
ഇൻസ്പെക്ടർ ഗീതാലക്ഷ്മിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് പൊലീസ് എത്തി രാസപദാർഥം പുരട്ടിയ11,000 രൂപയുടെ നോട്ടുകൾ പരാതിക്കാരനെ ഏൽപിച്ചശേഷം മുനിസിപ്പൽ ഓഫീസ് സമുച്ചയത്തിൽവെച്ച് പണം കൈപ്പറ്റിയ രമേഷ് ശ്രീജിത്തിന് നൽകാനായി ഓഫീസിലെത്തിയപ്പോൾ മറഞ്ഞിരുന്ന പൊലീസ് ഇരുവരെയും പിടികൂടി.
ചോദ്യം ചെയ്തതിനുശേഷം ശ്രീജിത്തിന്റെ ഒന്നാം മൈലിലെ വീട്ടിലും മിന്നൽ പരിശോധന നടത്തി രേഖകളും ഇരുപതിനായിരം രൂപയും പണവും പിടിച്ചെടുത്തു. രാത്രി ഏറെ നേരം പരിശോധന തുടർന്നു. പിന്നീട് ഇരുവരെയും ഊട്ടിലേക്ക് കൊണ്ടുപോയി.
എല്ലാ രേഖകളും കൃത്യമാണെങ്കിൽ പോലും ഒരു ഡോർ നമ്പർ അനുവദിച്ചു കിട്ടാൻ 10000 മുതൽ 40,000 രൂപ വരെ നൽകിയാൽ മാത്രമേ നമ്പർ അനുവദിക്കുകയുള്ളൂ എന്ന് നേരത്തെ തന്നെ ശക്തമായ പരാതി ഉണ്ടായിരുന്നു. ശ്രീജിത്തിനെതിരെയുള്ള പരാതി ശക്തമായപ്പോൾ അദ്ദേഹത്തെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പത്രഏജന്റും റിപ്പോർട്ടറുമാണന്നു പറഞ്ഞിട്ട് പോലും കൈക്കൂലി ആവശ്യപ്പെട്ട സംഭവവും ഗൂഡല്ലൂർ നഗരസഭയിൽ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.