ഗോത്ര യുവാക്കളുടെ ചെണ്ട, ജനമൈത്രി പൊലീസിന്റെ താളം

പുൽപള്ളി: കലാകാരന്മാരായ ഈ ഗോത്ര യുവാക്കൾ ഇനി ചെണ്ട കൊട്ടുമ്പോൾ പൊലീസിന്റെ താളമാണ് പുറത്തേക്ക് വരുക. പുൽപള്ളിയിലെ വീട്ടിമൂലയില്‍ ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയും പൊലീസ് സംഘവും നേരിട്ടെത്തി സമ്മാനിച്ച ചെണ്ടകളിലായിരിക്കും ഈ യുവാക്കൾ ഇനി കൊട്ടിക്കയറുക. വീട്ടിമൂല, ആനപ്പാറ, ചാത്തമംഗലം, പാളക്കൊല്ലി ഉന്നതികളിലെ പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട മുപ്പതോളം യുവാക്കള്‍ ഒത്തുകൂടിയാണ് ചെണ്ട പരിശീലനം ആരംഭിച്ചത്.

പക്ഷേ, കാട്ടുനാരകത്തിന്റെ കോലുകൊണ്ട് മരത്തടിയിലും കല്ലിലും കൊട്ടിയായിരുന്നു പരിശീലനം. ഈ വിവരം അറിഞ്ഞതോടെയാണ് സഹായവുമായി ജനമൈത്രി പൊലീസ് രംഗത്തുവന്നത്.

കൂലിപ്പണിക്കാരും വിദ്യാര്‍ഥികളുമൊക്കെയടങ്ങുന്ന ഈ കൂട്ടം നിരവധി ജീവിത പ്രതിസന്ധികളെ അതിജീവിച്ചാണ് ചെണ്ട പരിശീലനത്തിനെത്തുന്നത്. സുൽത്താൻ ബത്തേരി സ്‌റ്റേഷനിലെ സി.പി.ഒ എ.എസ്. സജിനും വിഷ്ണുവുമാണ് ഇവരുടെ പരിശീലകര്‍. സ്വന്തമായി ചെണ്ടയെന്ന സ്വപ്‌നത്തിന് നിറം പകരാനാണ്‌ ജില്ല ജനമൈത്രി പൊലീസ് ഗോത്രയുവാക്കള്‍ക്ക് രണ്ട് ചെണ്ടകള്‍ വാങ്ങി നല്‍കിയത്.

പുൽപള്ളി വീട്ടിമൂലയിലെ കൈരളി ക്ലബ് ലൈബ്രറി സംഘടിപ്പിച്ച ചെണ്ടകളുടെ വിതരണം ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി നിര്‍വഹിച്ചു. കൂട്ടായ്മയിൽ ഇനിയും അംഗങ്ങൾ ഉണ്ടാകട്ടെയെന്നും നിരവധി വേദികളും അവസരങ്ങളും ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പുൽപള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.യു. മഹേഷ് അധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ അഡീഷനല്‍ നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, ലൈബ്രറി പ്രസിഡന്റ് വി.എം. മനോജ്, എസ്.ഐ. ജിതിന്‍, ടി.എം. രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നിറഞ്ഞ സദസ്സിനും പൊലീസ് ഉദ്യോഗസ്ഥർക്കും മുന്നിൽ തങ്ങൾക്ക് ലഭിച്ച ചെണ്ടകളുമായി യുവാക്കൾ കൊട്ടിക്കയറി. പൊലീസ് മേധാവിയും ചെണ്ടയിൽ താളംപിടിച്ചത് വ്യത്യസ്ത കാഴ്ചയായി. ഗോത്ര മേഖലയിലെ യുവതീയുവാക്കളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിക്കെതിരെ പോരാടാനും പിന്തുണയുമായി വയനാട് പൊലീസ് എന്നും ഒപ്പമുണ്ടാവുമെന്നും പൊലീസ് മേധാവി പറഞ്ഞു.

Tags:    
News Summary - Police present drums to tribal youth artists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.