മുഹമ്മദ് കൈസ്
സുൽത്താൻ ബത്തേരി: ശാരീരിക അവശതകൾ കാര്യമാക്കാതെയുള്ള മുഹമ്മദ് കൈസിെൻറ നിശ്ചയദാർഢ്യത്തിന് അർഹിക്കുന്ന അംഗീകാരം. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് ഫുൾ എ പ്ലസും 93.6 ശതമാനം മാർക്കും നേടിയാണ് മുഹമ്മദ് കൈസ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. സ്കൂളിലെ സഹപാഠികളും അധ്യാപകരും നേട്ടത്തിൽ ഏറെ സന്തോഷിക്കുന്നു.
മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് ജന്മനാ എഴുന്നേറ്റ് നടക്കാൻപറ്റാത്ത അവസ്ഥയിലാണ് മുഹമ്മദ് കൈസ്. കഴുത്തിന് താഴേക്ക് കാര്യമായ ചലനശേഷിയില്ല. കസേരയിൽനിന്ന് മാറിയിരിക്കണമെങ്കിൽ പരസഹായം വേണം.
ഏഴാം ക്ലാസുവരെ ഉമ്മ ആബിദ എടുത്തുകൊണ്ടായിരുന്നു വീടിന് 300 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചിരുന്നത്. പിന്നീട് ഇലക്ട്രോണിക് വീൽ ചെയറിലിരുന്ന് സ്വന്തമായി സ്കൂളിൽ പോയി.കോവിഡ് കാലത്തെ പഠനക്യാമ്പ് ഒന്നുപോലും ഒഴിവാക്കിയില്ല.
കൈകൾ ചെറിയരീതിയിൽ ചലിപ്പിച്ച് മുഹമ്മദ് കൈസ് മനോഹരമായ ചിത്രങ്ങൾ വരക്കുമെന്ന് പത്താം ക്ലാസിലെ അധ്യാപിക ബി. ശ്രുതി പറഞ്ഞു. പ്ലസ് ടുവിന് കോമേഴ്സ് എടുത്ത് ചാർട്ടേഡ് അക്കൗണ്ടൻറാകാനുള്ള മോഹത്തിലാണ്. വനംവകുപ്പിൽ ഉദ്യോഗസ്ഥനായ കോണിക്കൽ മുസ്തഫയാണ് പിതാവ്. സഹോദരൻ മുനാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.