മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി എരുമത്തെരുവിൽ റോഡ് ഇളക്കിമാറ്റുന്നു
മാനന്തവാടി: മാനന്തവാടി നഗരത്തിൽ മലയോര ഹൈവേ പ്രവൃത്തിക്ക് വേഗംകൂടി. എരുമത്തെരുവിൽ നിലവിലുള്ള റോഡ് പൂർണമായി ഇളക്കിമാറ്റുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഓവുചാലുകളുടെ പണി പൂർത്തിയാക്കാനുണ്ട്. പ്രവൃത്തിമൂലം എരുമത്തെരുവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുപരിഹരിക്കാൻ 26 മുതൽ ഗതാഗതക്രമീകരണം ഏർപ്പെടുത്താൻ നഗരസഭയും പൊലീസും തീരുമാനിച്ചിട്ടുണ്ട്.
എരുമത്തെരുവ് മത്സ്യമാർക്കറ്റു മുതൽ മാനന്തവാടി ജോസ് തിയറ്റർ കവല വരെയാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുക. എരുമത്തെരുവ് മുതൽ ഗാന്ധിപാർക്ക് വരെ റോഡു മുഴുവൻ അടച്ചാൽ ജനുവരി 10നകം റോഡുപണി ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കാമെന്നാണ് കരാറുകാർ അറിയിച്ചിട്ടുള്ളത്. കണിയാരം ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങൾ എരുമത്തെരുവിൽ പ്രവേശിക്കാതെ ചെറ്റപ്പാലം ബൈപാസ് വഴി ടൗണിലെത്തണം. മാനന്തവാടി ടൗണിൽനിന്ന് കണ്ണൂർ, തലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചൂട്ടക്കടവ് വഴി പോകണമെന്നും അധികൃതർ അറിയിച്ചു.
വടക്കേ വയനാടിനെയും തെക്കേ വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് മലയോര ഹൈവേ. ബോയ്സ് ടൗണില്‍ നിന്നാരംഭിച്ച് തലപ്പുഴ-മാനന്തവാടി നഗരം വഴി കോഴിക്കോട് റോഡിലൂടെ നാലാംമൈല്‍-പനമരം-പച്ചിലക്കാട് വരെയും വാളാട് മുതല്‍ കുങ്കിച്ചിറ വരെയുമുള്ള റോഡുകളാണ് മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബോയ്സ് ടൗണ്‍ മുതല്‍ മാനന്തവാടി ഗാന്ധിപാര്‍ക്ക് വരെ 13 കിലോമീറ്റർ ദൂരവും മാനന്തവാടിയിൽനിന്ന് പച്ചിലക്കാട് വരെ 19.5 കിലോമീറ്റർ ദൂരവുമാണുള്ളത്. വാളാട് മുതല്‍ കുങ്കിച്ചിറ വരെയുള്ള 10 കി.മീറ്റർ ദൂരവും മലയോര ഹൈവേ പദ്ധതിയിലുൾപ്പെടും. മലയോര ഹൈവേയുടെ ഭാഗമായി മാനന്തവാടി മണ്ഡലത്തിൽ 42.5 കിലോമീറ്റർ ദൂരത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. പദ്ധതിക്ക് കിഫ്ബി 106 കോടി രൂപയാണ് അനുവദിച്ചത്. ഓവുചാലുകളുടെയും കലുങ്കുകളുടെയും പണി 2024 ഏപ്രിൽ 10നകം പൂർത്തിയാക്കാനുള്ള ഉടമ്പടിയാണ് കരാറുകാർ വെച്ചിട്ടുള്ളത്. റോഡ് വീതികൂട്ടി ഓവുചാൽ നിർമിക്കാൻ ചിലർ ഇനിയും സ്ഥലം വിട്ടുനൽകാനുണ്ട്. ഇതിനു അനുമതി ലഭിച്ചാൽ പ്രവൃത്തി സമയത്തിനു പൂർത്തിയാകും.
നഗരത്തിലെ ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തി പൂർത്തിയായാൽ വ്യാപാരികൾക്കും പൊതുജനത്തിനും ഏറെ ആശ്വാസമാകും. നഗരഭാഗത്തിലെ റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നാണ് വ്യാപാരികളും ആവശ്യപ്പെടുന്നത്. മാനന്തവാടി നഗരത്തിലെത്തുന്നവർ ഇപ്പോൾ പൊടിശല്യത്താൽ പൊറുതിമുട്ടുകയാണ്.
ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു വിളിച്ച യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരംസമിതി അധ്യക്ഷ ലേഖ രാജീവൻ, കൗൺസിലർ ഷിബു കെ. ജോർജ്, മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, ഡിവൈ.എസ്.പി പി.എൽ. ഷൈജു, പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ സ്നേഹ ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.