പാക്കത്ത് കടുവയുടെ കാൽപ്പാട് കണ്ടെത്തിയപ്പോൾ
കടുവ ഒളിവിൽതന്നെ; പാക്കത്ത് പശുവിനെ ആക്രമിച്ചു
മാനന്തവാടി: 12ാം ദിനവും കാടിളക്കി തിരച്ചിൽ നടത്തിയിട്ടും കടുവ ഒളിവിൽ തന്നെ. 24 ദിവസമായി കുറുക്കൻമൂല പ്രദേശത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവയെ കണ്ടെത്താൻ ബുധനാഴ്ച മണ്ണുമാന്തി യന്ത്രത്തിെൻറ സഹായവും തേടി. ദേവട്ടം, അമ്മാനി, ചെങ്ങോത്ത് വനമേഖലകളിലാണ് പ്രധാനമായും തിരച്ചിൽ നടന്നത്. കടുവയെ കണ്ടെത്താൻ ചെങ്ങോത്ത് സി.സി ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. കാമറ ട്രാപുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. തുടർച്ചയായ ആറാം ദിവസവും വളർത്തു മൃഗങ്ങളെ കൊന്നില്ലെന്നത് ആശ്വാസത്തിന് വകനൽകുന്നു.
ബുധനാഴ്ച നടന്ന തിരച്ചിലിന് ഉത്തരമേഖല സി.സി.എഫ് ഡി.കെ. വിനോദ് കുമാർ നേതൃത്വം നൽകി. അതിനിടെ കാവേരി പൊയിലിൽ വളർത്തുനായെ കാണാതായിട്ടുണ്ട്. സൗത്ത് വയനാട് വനം ഡിവിഷനിലെ പാക്കം വട്ടവയൽ കോളനിക്ക് സമീപം കടുവ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത് മേഖലയിൽ ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ, ഇതിനു പിന്നിൽ കുറുക്കൻമൂലയിലെ ശല്യക്കാരനായ കടുവയല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കലക്ടർക്കെതിരെ യു.ഡി.എഫ്
കടുവ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ വയനാട് കലക്ടർക്കെതിരെ വിമർശനവുമായി യു.ഡി.എഫ്. കടുവ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാര്യക്ഷമമായി ഇടപെടാത്ത കലക്ടർ ജനകീയ സമരങ്ങളിൽ ജില്ല ഭരണാധികാരികൾ പാലിക്കേണ്ട കീഴ്വഴക്കങ്ങൾ പാലിക്കുന്നില്ലെന്ന് എ.ഐ.സി.സി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി പറഞ്ഞു.
മാനന്തവാടിയിൽ റിലേ സത്യഗ്രഹത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്ത തുടർന്ന് യു.ഡി.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി കടുവ പ്രശ്നത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം താൽക്കാലികമായി നിർത്തിവെച്ചു. പി.കെ. ജയലക്ഷ്മി നിരാഹാരം ആരംഭിച്ച് അര മണിക്കൂറിനകമാണ് പി.ടി. തോമസിെൻറ മരണവാർത്ത എത്തിയത്. മൂന്നാം ദിവസത്തെ സമരം കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എ. ആന്റണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സമരം തുടങ്ങി മൂന്ന് ദിവസമായിട്ടും സർക്കാറിനുവേണ്ടി കലക്ടർ ചർച്ചക്ക് പോലും തയാറാകാത്തത് പ്രതിഷേധാർഹമാണെന്ന് പി.കെ. ജയലക്ഷ്മി പറഞ്ഞു. കടുവയുടെ ആക്രമണങ്ങൾക്കിരയായ ഒരു പ്രദേശത്തെ ജനങ്ങളോടുള്ള സർക്കാറിെൻറ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ജയലക്ഷ്മി പറഞ്ഞു. യു.ഡി.എഫിലെ വിവിധ കക്ഷി നേതാക്കൾ സമരത്തെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു. പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്നുള്ള പാർട്ടി ദുഃഖാചരണത്തിനു ശേഷം റിലേ സത്യഗ്രഹം പുനരാരംഭിക്കുമെന്ന് യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ അഡ്വ. എൻ.കെ. വർഗീസ്, സമരസമിതി കോഓഡിനേറ്റർ എ.എം. നിഷാന്ത് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.