മാനന്തവാടി: മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാറുന്നു. കോവിഡിന് മുമ്പ് 92 സർവിസ് ഉണ്ടായിരുന്ന മാനന്തവാടിയിൽ ഇപ്പോൾ 67 സർവിസുകൾ മാത്രമാണുള്ളത്. ഇതിൽ പലതും പല കാരണങ്ങളാൽ പലപ്പോഴും റദ്ദാക്കുന്നു.
ജീവനക്കാരോ ബസുകളോ ഇല്ലെന്ന കാരണം കാണിച്ചാണ് സർവിസുകൾ മുടക്കുന്നത്. മറ്റു ഡിപ്പോകളിൽ ടേക്ക് ഓവർ ഉൾപ്പെടെയുള്ള വാഹനങ്ങൾവരെ പുനരാരംഭിച്ചിട്ടും മാനന്തവാടിയിൽ തുടരുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാണ്. കൂടുതൽ ആദിവാസി മേഖലകളും ബൈറൂട്ടുകളും ആയതിനാൽ മാനന്തവാടി ഡിപ്പോയുടെ ശോച്യാവസ്ഥ പൊതുജനത്തെ സാരമായി ബാധിക്കുന്നു.
ജീവനക്കാരുടെ കുറവ് എന്നതിലുപരി ഉള്ള ജീവനക്കാരെ കൃത്യമായി ഉപയോഗിക്കാത്തതാണ് സർവിസുകൾ മുടങ്ങാൻ കാരണമെന്ന ആരോപണമുണ്ട്. അഞ്ച് സ്റ്റേഷൻ മാസ്റ്റർ ചുമതലയുള്ള മാനന്തവാടി ഡിപ്പോയിൽ പലപ്പോഴും ആരും ജോലിക്ക് എത്തുന്നില്ലെന്ന് പരാതിയുണ്ട്.
അഞ്ച് കൺട്രോളിങ് ഇൻസ്പെക്ടർമാരിൽ രണ്ട് പേർ വി.ആർ.എസിന് അപേക്ഷ കൊടുത്തിട്ടുണ്ട്. രണ്ട് ഇൻസ്പെക്ടർമാർ വർക്ക് അറേഞ്ചമെന്റ് വ്യവസ്ഥയിൽ കോഴിക്കോടും കണ്ണൂരും ജോലി ചെയ്യുന്നു. കൽപറ്റയിൽ നിന്നുള്ള ഇൻസ്പെക്ടറും നിലവിലുള്ളയാളും ചേർന്നാണ് ഡ്യൂട്ടി ചുമതലകൾ നിർവഹിക്കുന്നത്.
പരിഷ്കരണത്തിന്റെ ഭാഗമായി എ.ടി.ഒയോ സൂപ്രണ്ടോ ഇല്ലാതാവുകയും ഇടക്ക് മാത്രം വരുന്ന ക്ലസ്റ്റർ ഓഫിസർക്ക് കാര്യങ്ങളിൽ വേണ്ടത്ര ഇടപെടാൻ കഴിയാതെ വരുകയും ചെയ്യുന്നുണ്ട്. ഗാരേജിന്റെ കാര്യവും ശോചനീയമാണ്. എട്ട് ബ്ലാക്ക്സ്മിത്തുകൾ ഉള്ള മാനന്തവാടി ഡിപ്പോയിൽ ചെറിയൊരു വെൽഡിങ് ജോലി ചെയ്യാൻപോലും ആളില്ലാത്ത സ്ഥിതിയാണ്.
ഡി.ഇയും എ.ഡി.ഇയും ഉണ്ടെങ്കിലും ജീവനക്കാർക്ക് ഡ്യൂട്ടി ക്രമീകരിച്ചു കൊടുക്കാനോ കൃത്യമായി ഉപയോഗിക്കാനോ മേലുദ്യോഗസ്ഥർ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.