പശുക്കിടാവിെൻറ ജഡാവശിഷ്ടം കടുവയെ പിടികൂടാനുള്ള കൂട്ടിൽ ഇടുന്നു
കടുവയെ പിടിക്കാൻ കൂടൊരുക്കി; രണ്ടുതവണ മയക്കുവെടിവെക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല
മാനന്തവാടി: രണ്ടാഴ്ചത്തെ അനിശ്ചിതത്വങ്ങൾക്കുശേഷം രണ്ട് പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. മാനന്തവാടി നഗരസഭ പരിധിയിലെ ചെറൂരിൽ എടപ്പറ പൗലോസിെൻറ തോട്ടത്തിലാണ് സീനിയർ വെറ്ററിനറി ഫോറസ്റ്റ് ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചത്. വെള്ളിയാഴ്ച പുലർച്ചെ കടുവ തൊഴുത്തിൽനിന്ന് പിടികൂടിയ മുണ്ടക്കൽ ജോണിെൻറ പശുക്കിടാവിെൻറ ശരീരാവശിഷ്ടങ്ങളും കൂട്ടിൽ ഇരയായി വെച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ചെറൂരിൽ റോഡരികിലെ തോട്ടത്തിലൂടെ കടുവ നടന്നുനീങ്ങുന്നത് പ്രദേശവാസികൾ നേരിൽ കണ്ടിരുന്നു. തുടർന്ന് സബ് കലക്ടർ നഗരസഭയിലെ ചെറൂർ, കുറുവ, കാടൻകൊല്ലി, കുറുക്കൻമൂല പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ നേരിൽ കണ്ടതിനെ തുടർന്ന് ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ രണ്ടുതവണ മയക്കുവെടിവെക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, തഹസിൽദാർ ജോസ് ചിറ്റിലപ്പിള്ളി, ഡി.എഫ്.ഒമാരായ രമേഷ് ബിഷ്ണോയ്, എ. ഷജ്ന, ഹരിലാൽ, നഗരസഭ വൈസ് ചെയർമാൻ പി.വി.എസ്. മൂസ, കൗൺസിലർമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി പി. ചന്ദ്രൻ, സി.ഐ എം.എം. അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരും എസ്.ഐമാരുമുൾപ്പെടെ നിരവധി പൊലീസുകാരും ക്രമസമാധാന പാലത്തിനായി എത്തിയിരുന്നു. രാത്രിയോടെ പ്രദേശത്ത് പൊലീസ് വാഹനഗതാഗതം നിയന്ത്രിക്കുകയും വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.