കാപ്പിത്തോട്ടത്തിൽ നിന്ന് പുലി മുന്നിലേക്ക് ചാടിവീണു; വിനീതിന് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴക്ക്

കൽപ്പറ്റ: റാട്ടക്കൊല്ലി എസ്റ്റേറ്റിലെ തൊഴിലാളിക്ക് പുലിയുടെ ആക്രമണത്തിൽ പരിക്ക്. നരഭോജിക്കടുവയെ ചത്തനിലയിൽ കണ്ടെത്തിയതോടെ ആശ്വസിച്ചിരിക്കുമ്പോഴാണ് പുലിയെ കണ്ടെത്തിയ വാർത്ത.

മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതി(36) നാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ വിനീതിനെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

തിങ്കളാഴ്ച 12 മണിയോടെയാണ് സംഭവം. വിനീതും മറ്റ് തൊഴിലാളികളും സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു. ആ സമയത്താണ് കാപ്പിത്തോട്ടത്തിന്റെ ഉള്ളിൽ നിന്ന് പുലി വിനീതിന് മുന്നിലേക്ക് ചാടി വീണത്. ഭാഗ്യം കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് വിനീത് പറഞ്ഞു.

സ്‍ഥലത്തുണ്ടായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് വിനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റാട്ടക്കൊല്ലി ഭാഗത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അടുത്ത കാലത്ത് തേയിലത്തോട്ടത്തിൽ വെച്ച് പുലിയെ പ്രദേശവാസികൾ കാണുകയും ചെയ്തിരുന്നു. അതിനിടയിലാണ് വിനീതിനെ പുലി ആക്രമിച്ചത്. 

അതിനിടെ,  പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊന്ന നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽനിന്നും കണ്ടെത്തി. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. രണ്ട് മണിക്കൂർ നേരം കടുവക്ക് പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പി പറിക്കാന്‍ പോയ രാധയെ കടുവ ആക്രമിച്ചത്. വനംവകുപ്പ് താത്കാലിക വനംവാച്ചറായ അച്ചപ്പന്റെ ഭാര്യയാണ്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

Tags:    
News Summary - Man injured inLeopard attack in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.