മൈസ ബക്കർ
ദേശീയ മൗണ്ടെയ്ൻ സൈക്ലിങ്ങിൽ ഇരട്ട സ്വർണവുമായി മൈസ ബക്കർ
കൽപറ്റ: ഒഡിഷയിൽ നടന്ന ദേശീയ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് സ്വർണ മെഡൽ നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് വയനാട്ടിലെ ഒരു താരം ഈ നേട്ടം കരസ്ഥമാക്കുന്നത്. ആദ്യദിനത്തിൽ നടന്ന ക്രോസ് കൺട്രി ടൈം ട്രയലിൽ രണ്ടാം സ്ഥാനത്തെത്തിയ കർണാടകയുടെ പ്രിയങ്ക ലമനിയേക്കാൾ മൂന്ന് മിനിറ്റ് പത്ത് സെക്കന്റ് ലീഡിലാണ് മൈസ സ്വർണം നേടിയത്.
രണ്ടാം ദിനത്തിലെ ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയ തമിഴ്‌നാടിന്റെ ആർ. ശ്രുതികയേക്കാൾ നാല് മിനിറ്റ് ലീഡിലാണ് സുവർണ നേട്ടം. കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടെയിൻ സൈക്ലിങ് മത്സരത്തിൽ രണ്ട് ഇനങ്ങളിൽ മൈസ ബക്കർ മെഡൽ കരസ്ഥമാക്കിയിരുന്നു. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് അന്ന് വെള്ളി മെഡൽ നേടിയത്. സൈക്ലിങ് അസോസിയേഷനും ഗ്രാമിക കുടമംഗലവും സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ സമ്മർ കോച്ചിങ് ക്യാമ്പിലൂടെയാണ് മൈസ സൈക്ലിങ് രംഗത്തേക്ക് വരുന്നത്. കഴിഞ്ഞ വർഷം തൊടുപുഴയിൽ നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിങ്ങിലും കാസർകോട്ടു നടന്ന റോഡ് സൈക്ലിങ്ങിലും ഈ മിടുക്കിക്കായിരുന്നു ഒന്നാം സ്ഥാനം. സുൽത്താൻ ബത്തേരിയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിലും ഒന്നാം സ്ഥാനം നേടി. കോച്ച് ഫിറോസ് അഹമ്മദിന്റെ കീഴിലുള്ള പരിശീലനത്തിലൂടെയാണ് മൈസ ബക്കർ ഉയരങ്ങൾ കീഴടക്കുന്നത്.
കൽപറ്റ ഡി പോൾ സ്കൂൾ ഒമ്പതാം തരം വിദ്യാർഥിനിയായ മൈസ ബക്കർ ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടിലെ കായികാധ്യാപകൻ എൻ.സി. സാജിദിന്റെയും സുൽത്താൻ ബത്തേരി സ്വദേശിനി ആശ്ന ചൂര്യന്റെയും മകളാണ്. വയനാട്ടിലെ പഴയകാല സ്പോർട്സ് രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പരേതനായ എൻ.സി. ബക്കർ മാസ്റ്ററുടെയും സുൽത്താൻ ബത്തേരി ചൂര്യൻ അബ്ദുൽ നാസറിന്റെയും പേരക്കുട്ടിയാണ് സൈക്ലിങ് രംഗത്തെ ഈ താരോദയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.