സുൽത്താൻ ബത്തേരി: നഗരത്തിൽ ബ്ലോക്ക് ഓഫിസിന് സമീപമുള്ള മീൻ സൂപ്പർ മാർക്കറ്റിൽ വെള്ളിയാഴ്ച രാവിലെ എത്തിയ വീട്ടമ്മ ശോഭന വലിയ സങ്കടത്തിലായിരുന്നു. വ്യാഴാഴ്ച സാധനം വാങ്ങാൻ എത്തിയപ്പോൾ പഴ്സ് മാർക്കറ്റിലെവിടെയോ വെച്ച് മറന്നു. പഴ്സിൽ പണമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രണ്ട് കമ്മലുകളുണ്ടായിരുന്നു. വീട്ടിലെ അത്യാവശ്യത്തിന് പണയം വെക്കാൻ കൊണ്ടുപോകുന്നതിനിടയിലാണ് മാർക്കറ്റിൽ കയറിയതും പഴ്സ് നഷ്ടപ്പെട്ടതും.
പൊലീസിൽ പരാതി കൊടുക്കുന്നതിനുമുമ്പ് മാർക്കറ്റിൽ അന്വേഷിക്കാനെത്തിയ വീട്ടമ്മ തന്റെ സങ്കടം മാർക്കറ്റ് നടത്തിപ്പുകാരിലൊരാളായ റംഷീദിനോട് പറഞ്ഞു. മാർക്കറ്റിൽ സി.സി.ടി.വി ഉണ്ടെന്നും പഴ്സ് കിട്ടിയവർ എത്രയും പെട്ടെന്ന് എത്തിക്കണമെന്നും അല്ലാത്തപക്ഷം ഇതു സംബന്ധിച്ചുള്ള സി.സി.ടി.വി ദൃശ്യങ്ങൾ വാട്സ്ആപ്പുകളിലൂടെ പ്രചരിപ്പിക്കുമെന്നും വിഡിയോ ഇട്ടു.
അധികം താമസിക്കാതെ പഴ്സ് തിരിച്ചുകിട്ടി. അതിൽ കമ്മലുമുണ്ടായിരുന്നു. പഴ്സ് എങ്ങനെ കിട്ടിയെന്ന് റംഷീദ് രണ്ടാമതിട്ട വിഡിയോയിൽ പറയുന്നില്ല. ഏതായാലും വൈകീട്ട് മാർക്കറ്റിലെത്തിയ വീട്ടമ്മ സന്തോഷത്തോടെ കമ്മലടങ്ങിയ പഴ്സ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.