പുൽപള്ളി: ഇതുവരെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലെല്ലാം മുള്ളൻകൊല്ലി ജില്ല പഞ്ചായത്ത് ഡിവിഷൻ കോൺഗ്രസിന്റെ കുത്തകയായിരുന്നു. കോൺഗ്രസിനകത്തെ ഗ്രൂപ്പ് വഴക്ക് ഉൾപ്പടെയുള്ള വിഷയങ്ങൾ ഇത്തവണ അതിനു മാറ്റം വരുമോയെന്നാണ് വോട്ടർമാരടക്കം ഉറ്റുനോക്കുന്നത്.
മുള്ളൻകൊല്ലിയിൽ കോൺഗ്രസിനുള്ളിൽ നടന്ന പടല പിണക്കങ്ങളും വാർഡ് മെംബർ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമെല്ലാം തെരഞ്ഞുടുപ്പിൽ എൽ.ഡി.എഫ് ചർച്ചയാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിലെ ബീന ജോസാണ് വിജയിച്ചത്. പട്ടികവർഗ ജനറൽ സംവരണ ഡിവിഷനിൽ ഇത്തവണ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ യു.ഡി.എഫിന് വേണ്ടിയും കേരളാ കോൺഗ്രസ് എമ്മിലെ കെ.പി. സൂര്യമോൾ എൽ.ഡി.എഫിവേണ്ടിയും സ്ഥാനാർഥികളാണ്. ബി.ജെ.പിക്ക് വേണ്ടി മുകുന്ദൻ പള്ളിയറയാണ് രംഗത്ത്.
സ്വതന്ത്രനായി ചന്തുണ്ണിയും രംഗത്തുണ്ട്. വന്യജീവി ശല്യവും വരൾച്ചാ ബാധിത മേഖലയിൽ കാർഷിക രംഗത്തുണ്ടായ തകർച്ചയും റോഡ് വികസനവുമെല്ലാമാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. യു.ഡി.എഫിലെ ഗിരിജാ കൃഷ്ണൻ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സൂര്യമോൾ ആദ്യമായാണ് മത്സര രംഗത്തേക്കിറങ്ങുന്നത്. നാല് ബ്ലോക്ക് ഡിവിഷനുകളിലായി 30 വാർഡുകളാണ് മുള്ളൻകൊല്ലി ഡിവിഷന് കീഴിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.