മുണ്ടക്കൈ ചൂരൽമല വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. സഹദ് പ്രചാരണത്തിനിടയിൽ
ചൂരൽമല: 2024 ജൂലൈ 30ന്റെ അർധരാത്രിയിൽ ഉറങ്ങിയുണരും മുമ്പെ രണ്ടു ഗ്രാമങ്ങളും അനേകം മനുഷ്യരും ജീവിതസമ്പാദ്യങ്ങളുമെല്ലാം ഉരുൾപൊട്ടലിൽ ഇല്ലാതായതിന്റെ ഞെട്ടലിൽനിന്ന് ദുരന്തബാധിതർ ഇന്നും മുക്തമായിട്ടില്ല. ദുരന്തഭൂമിയിൽ പുതിയ പച്ചപ്പുകൾ തലയുയർത്തിയിട്ടുണ്ട്. ചൂരൽമല ടൗണിൽ ഒന്നുരണ്ടു തട്ടുകടകളും പെട്ടിക്കടകളുമൊക്കെ പകൽ പ്രവർത്തിക്കുന്നുണ്ട്, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന അതിജീവിതരുടെ പ്രതിനിധികളാണ് അവരെന്ന് തോന്നിപ്പോകും.
സർക്കാറും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മതസംഘടനകളുമെല്ലാം ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ ഒന്നര വർഷമായി സജീവമായി രംഗത്തുണ്ട്. ദുരന്തത്തിൽ ബാക്കിയായവർക്ക് കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ മേൽനോട്ടത്തിൽ ടൗൺഷിപ്പും ഉയരുന്നുണ്ട്. അതിജീവനത്തിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ-ചൂരൽമല പുഞ്ചിരിമട്ടം ഉൾപ്പെടുന്ന പ്രദേശങ്ങൾ. ദുരന്തത്തിന് ശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ആശങ്കയും സങ്കടങ്ങളും പരിഭവങ്ങളും നിറഞ്ഞതാണ് ഇവിടത്തെ വോട്ടർമാർക്ക്.
ദുരന്തത്തോടെ ജീവിതമാർഗങ്ങളെല്ലാം നഷ്ടപ്പെട്ട അതിജീവിതർ ഇന്ന് ഉപജീവനത്തിന് വഴിയില്ലാതെ കഷ്ടപ്പെടുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ക്വാർട്ടേഴ്സുകളിലും മറ്റുമായി സർക്കാർ ഒരുക്കിയ വാടകവീടുകളിൽ താമസിക്കുകയാണ് ദുരന്തഭൂമിയിലെ നല്ലൊരു ശതമാനം വോട്ടർമാർ. അതുകൊണ്ടുതന്നെ സ്ഥാനാർഥികൾക്ക് ഇവരെ നേരിൽ കാണാൻ ജില്ല മുഴുവൻ സഞ്ചരിക്കേണ്ട അവസ്ഥയാണ്. എന്നാൽ, ഒരേ നാട്ടിൽ ജീവിച്ചുവളർന്നവരെ വീണ്ടും കാണാനും ചേർത്തുനിർത്താനും പ്രശ്നങ്ങൾ കേട്ടറിയാനും ലഭിച്ച അവസരമായിട്ടാണ് ഇതിനെ പല സ്ഥാനാർഥികളും കാണുന്നത്. നേരത്തേ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വാർഡ് ഇപ്പോൾ മുണ്ടക്കൈ ചൂരൽമല എന്ന പേരിലാണ് അറിയപ്പെടുന്നത്. 11ാം വാർഡാണിത്.
മുണ്ടക്കൈയിലെ ഉരുൾദുരന്തഭൂമി ഇപ്പോൾ
രണ്ടു ബൂത്തികളിലായി 2300ഓളം വോട്ടർമാരാണ് ഈ ഒരൊറ്റ വാർഡിലുള്ളത്. ഒരുപക്ഷെ, ജില്ലയിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് കൂടിയാവും ഇത്. 980 കുടുംബങ്ങളുണ്ടായിരുന്ന വാർഡിൽ ഇന്ന് അവശേഷിക്കുന്നത് 270 കുടുംബങ്ങൾ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിലും പുറത്തുമായാണ് താമസം. 10ാം വാർഡായ അട്ടമലയിൽ 906 വോട്ടർമാരുണ്ട്. ഇവിടെയുള്ള 156 കുടുംബങ്ങൾ മറ്റ് സ്ഥലങ്ങളിലാണ് ഇപ്പോൾ താമസം.
ഹതഭാഗ്യർ തുടരുന്നു, ദുരന്തഭൂമിയിൽതന്നെ
സർക്കാറിന്റെ പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ടവർ തങ്ങൾക്ക് കയറിക്കിടക്കാൻ സ്വന്തമായൊരു വീട് എന്ന് സാധ്യമാകുമെന്ന് ആശങ്കപ്പെടുന്നു. എന്നാൽ, അർഹതയുണ്ടായിട്ടും സർക്കാർ പട്ടികയിൽ ഇടം കിട്ടാതെ ഇനിയെന്ത് ചെയ്യുമെന്നറിയാതെ നെടുവീർപ്പിടുകയാണ് അനേകം കുടുംബങ്ങൾ.
അട്ടമലയിലും മുണ്ടക്കൈയിലുമൊക്കെയായി ഗോ സോൺ പരിധിയിൽപെട്ട് സർക്കാർ സഹായത്തിന് അർഹത ഇല്ലാതെ ദുരിതമനുഭവിക്കുകയാണ് പലരും. വീണ്ടും ഒരു ദുരന്തമുണ്ടായാൽ തങ്ങളിൽ ആരൊക്കെ ബാക്കിയുണ്ടാകുമെന്നാണ് ഇവരുടെ പ്രധാന ചോദ്യം. പട്ടികയിൽ ഉൾപ്പെടാത്തതുകൊണ്ടുതന്നെ ഇവിടങ്ങളിൽനിന്ന് മാറാനാകാതെ ദുരന്തഭൂമിയിൽ താമസിക്കേണ്ടിവരുന്ന ഹതഭാഗ്യർ ഇന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെടുകയാണ്.
എൽ.പി സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കണമെങ്കിൽപോലും 13 കിലോമീറ്റർ സഞ്ചരിക്കണം. ഉരുൾ കശക്കിയെറിഞ്ഞ റോഡുകളെല്ലാം യാത്രപോലും സാധ്യമാകാതെ കിടക്കുന്നു. ആൾതാമസം കുറഞ്ഞതോടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായത് കാരണം തോട്ടങ്ങളിലേക്ക് പോകാനാകാത്ത അവസ്ഥ. ചൂരൽമല ടൗൺ റെഡ് സോണിൽ പെട്ടതായതിനാൽ വീട്ടുസാധനങ്ങൾ വാങ്ങാൻപോലും മേപ്പാടിയിലെത്തണം. സ്കൂളും ഡിസ്പൻസറിയുമൊന്നും അടുത്തെങ്ങുമില്ല. ഇതാണ് ഇവിടങ്ങളിൽ ഇപ്പോൾ താമസിക്കുന്നവരുടെ പച്ചയായ ജീവിതം.
ദുരന്തത്തിന് ഇരകളായവരുടെ തുടർചികിത്സയോട് സർക്കാർ പുറംതിരിഞ്ഞുനിൽകുന്നത് നിരവധി പേരെയാണ് ദുരിതത്തിലാക്കുന്നത്. ഇതിനൊക്കെ പരിഹാരമുണ്ടാക്കാനുള്ള ഇടപെടലുകൾ ജയിക്കുന്ന സ്ഥാനാർഥികളുടെ ഭാഗത്തുനിന്ന് കാര്യമായി ഉണ്ടാകണമെന്നാണ് വോട്ടർമാർക്ക് ഒറ്റസ്വരത്തിൽ പറയാനുള്ളത്. എന്നാൽ, ഇതിനൊക്കെ ആര്, എന്ന് പരിഹാരം കാണുമെന്ന് വോട്ടഭ്യർഥിക്കാൻ വരുന്ന സ്ഥാനാർഥികൾക്കുതന്നെ നിശ്ചയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.