കോട്ടവയലിലെ വനപാതയിലൂടെ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

അവഗണനയുടെ നടുവിൽ കോട്ടവയൽ വനഗ്രാമം

പുൽപള്ളി: പതിറ്റാണ്ടുകളായി അവഗണനയിലാണ് പുൽപള്ളിയിലെ ഈ വനഗ്രാമം. വനനിയമങ്ങളുടെ പേരിൽ കോട്ടവയൽ ഗ്രാമം ഒറ്റപ്പെട്ടുകിടക്കുകയാണ്. വികസനം എന്തെന്നറിയാത്തവരാണ് ഇവിടത്തെ കുടുംബങ്ങൾ. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്ന കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാവുകയാണ്.

ഗ്രാമത്തോടുള്ള അധികൃതരുടെ അവഗണനയിൽ മനംനൊന്ത് കഴിഞ്ഞയാഴ്ച വയോധികനായ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. കാനന മധ്യത്തിലെ ഒറ്റപ്പെട്ട് കിടക്കുന്ന കോട്ടവയൽ ഗ്രാമത്തിലെ കർഷകൻ ജീവനൊടുക്കിയ വിവരം പുറം ലോകമറിഞ്ഞത് ദിവസങ്ങൾക്കുശേഷം. പുൽപള്ളി കോട്ടവയലിലെ വിശ്വനാഥൻ ചെട്ടി (65) കഴിഞ്ഞ നാലിനാണ് ജീവനൊടുക്കിയത്.

ഈ പാട്ടകർഷകൻ ഗ്രാമത്തിെൻറ പിന്നാക്കാവസ്ഥക്ക് പരിഹാരം തേടി കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളില്ല. ഇദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത് കാലങ്ങളായി അധികൃതർ തുടരുന്ന അവഗണനയും കൃഷിനാശംമൂലമുണ്ടായ കടബാധ്യതയുമാണെന്ന് ബന്ധുക്കൾ അടക്കമുള്ളവർ പറയുന്നു. അഞ്ചു കുടുംബങ്ങളാണ് പുൽപള്ളി പഞ്ചായത്തിലെ 20ാം വാർഡിൽ ഉൾപ്പെട്ട കോട്ടവയലിൽ ഒറ്റപ്പെട്ടുകഴിയുന്നത്. ജനിച്ചതും വളർന്നതുമെല്ലാം ഇവിടെത്തന്നെയാണെങ്കിലും ഒരുതുണ്ടു ഭൂമിപോലും ഇവിടെയുള്ള കുടുംബങ്ങൾക്ക് സ്വന്തമായില്ല.

കാലങ്ങൾക്കുമുമ്പ് കേന്ദ്രസർക്കാർ പാട്ടത്തിന് നൽകിയ വനഭൂമിയിലാണ് ഈ കുടുംബങ്ങൾ കഴിയുന്നത്. തലമുറകളായി തങ്ങൾ ഇവിടുള്ളവരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കെട്ടിയുണ്ടാക്കിയ കൂര സ്ഥിതിചെയ്യുന്ന സ്ഥലംപോലും ഇവരുടെ സ്വന്തമല്ല. താമസിക്കുന്ന വീട് എപ്പോൾ വേണമെങ്കിലും ഒഴിഞ്ഞുപോകേണ്ടിവരുമെന്ന ആശങ്കയിലാണിവർ. വനനിയമങ്ങൾ കർശനമാകുമ്പോൾ ഈ കുടുംബങ്ങളുടെ സ്ഥിതിയും ദയനീയമാവുകയാണ്. കാലമേറെ കഴിഞ്ഞിട്ടും ഒന്നും ശരിയാകാത്തതിെൻറ കടുത്ത മനോവിഷമത്തിലായിരുന്നു കുറച്ച് ദിവസമായി വിശ്വനാഥനെന്ന് ബന്ധുക്കൾ പറഞ്ഞു.

പോസ്​റ്റ്മോർട്ടത്തിന് കൊണ്ടുപോയത് ഒന്നരക്കിലോമീറ്റർ ദൂരം ചുമലിലേറ്റിയാണ്. ആർക്കെങ്കിലും അസുഖം വന്നാൽ ഇതേ അവസ്ഥയിൽ തന്നെ കൊണ്ടുപോവണം. ഒന്നര കിലോമീറ്ററോളം വാഹനം കടക്കാത്ത വനപാതയിലൂടെ കാൽനടയായിവേണം കോട്ടവയലിലെത്താൻ.

മഴക്കാലം ദുരിതകാലമാണിവിടെ. വന്യജീവി ശല്യം തുടർക്കഥയാണ്. നട്ടുനനച്ച് വളർത്തുന്ന കൃഷികൾ ആനയും മാനുമടക്കം തീറ്റയാക്കുന്നു. കാട്ടുപന്നി ശല്യവും രൂക്ഷം. ഇനിയെങ്കിലും അധികാരികളുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ. പാട്ടത്തിന് കിട്ടിയ ഭൂമിയിൽ തലമുറകളായി കൃഷിയിറക്കിയാണ് ഇവർ അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നത്. വീട്ടുമുറ്റത്തുവരെ കടുവയും കാട്ടാനയുമെല്ലാം എത്തുന്നു.

ഭീതിയില്ലാതെ കിടന്നുറങ്ങാൻ ഇവർക്ക് കഴിയില്ല. അടച്ചുറപ്പുള്ള വീട് ആർക്കുമില്ല. വൈക്കോൽ മേഞ്ഞ വീടുകൾ വയനാട്ടിൽ കാണാൻ കഴിയുക ഇവിടെ മാത്രമാണ്.സർക്കാറിെൻറ ഭവന നിർമാണ പദ്ധതികളിൽ ഇടം പിടിക്കാനും ഇവർക്ക് കഴിയുന്നില്ല. വനഭൂമിയായതിനാൽ നിർമാണ പ്രവൃത്തികൾക്ക് വനംവകുപ്പിൽനിന്ന് അനുമതി ലഭിക്കാത്തതാണ് കാരണം. വാഹനമെത്തുന്ന വഴിയില്ലാത്തതും കോട്ടവയലിലെ കുടുംബങ്ങളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്. അവഗണനകൾക്ക് നടുവിലുള്ള ഗ്രാമവാസികളെ പുനരധിവസിപ്പിക്കാനും പദ്ധതികൾ ഉണ്ടായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.