ദൗത്യസംഘം തെർമൽ ഡ്രോൺ പ്രവർത്തിപ്പിച്ച് ആനയെ കണ്ടെത്താൻ ശ്രമിക്കുന്നു
കൽപറ്റ: വയനാട് മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു. 45 അംഗ സംഘമാണ് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്.പ്രദേശത്തിന്റെ ഒരുഭാഗം കുന്നും മറ്റൊരു ഭാഗം താഴ്‌വരയുമായതിനാൽ ദൗത്യം ദുഷ്കരമാണെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ഈ ഭൂപ്രകൃതിയിൽ മയക്കുവെടി വെക്കുകയെന്നത് ഏറെ ശ്രമകരമാണ്. ഈ ഭാഗത്ത് നിരവധി കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത് കൊണ്ട് പിടികൂടാനുള്ള കാട്ടാന ഏതാണെന്നത് കണ്ടുപിടിക്കുന്നതും ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജോലിക്ക് പോകുന്നതിനിടെ മേപ്പാടിയിൽ വെച്ച് പുത്തുമല സ്വദേശികളായ ദമ്പതികൾക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ ഭാര്യ ജെസ്സി കൊല്ലപ്പെടുന്നതും. പരുക്കേറ്റ ഭർത്താവ് ഷാജി ചികിത്സയിലുമാണ്. സംഭവത്തിൽ മേപ്പാടി ടൗണിൽ പ്രദേശവാസികൾ വലിയ പ്രതിഷേധം നടത്തിയിരുന്നു. വനം വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ചേർത്ത് 14 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് സൗത്ത് ഡി.എഫ്.ഒ അറിയിച്ചിരുന്നു. പ്രതിഷേധത്തിന് പിന്നാലെ 30 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു വേണ്ട ശിപാർശ നൽകുമെന്നും കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടുമെന്നുമാണ് ഡി.എഫ്.ഒ പറഞ്ഞിരുന്നത്.
നിലവിൽ പ്രദേശത്ത് കാട്ടാന ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. മേപ്പാടി ടൗണിൽനിന്ന് ചൂരൽമലയിലേക്കുള്ള എസ്റ്റേറ്റ് മേഖലയാണിത്.ഒരാഴ്ച മുമ്പും ഫോറസ്റ്റ് ഓഫിസിന്റെ മുന്നിലൂടെ കാട്ടാന വന്നിട്ടും ഒരു നടപടി ഉണ്ടായില്ലെന്നും 11 ഓളം ആളുകളുടെ ജീവൻ കാട്ടാന ആക്രമണത്താൽ പൊലിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.അതേസമയം, മരിച്ച ജെസ്സിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം കൈമാറിയിട്ടുണ്ട്. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താത്ക്കാലിക ജോലിയും നൽകും. ആനയെ തുരത്തുന്നതിന് നടപടി സ്വീകരിക്കും.
ഫെൻസിങ് ഉൾപ്പെടെ സാധ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ഈ മാസം 30ന് വനം മന്ത്രി, കൃഷി മന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉന്നതലയോഗം വയനാട്ടിൽ ചേരുമെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിഖ് അലി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.