സിന്തറ്റിക് ട്രാക്കിൽ സോക്സ് ധരിച്ച് മത്സരത്തിനൊരുങ്ങുന്ന വിദ്യാർഥി
ജില്ല സ്കൂൾ കായിക മേള: സിന്തറ്റിക് ട്രാക്കുണ്ട് ഓടാൻ സ്വന്തമായി ഒരു ജോഡി ബൂട്ടുപോലുമില്ലാതെ കായിക താരങ്ങൾ
കൽപറ്റ: അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കുകൾ ഒരുങ്ങിയെങ്കിലും അതിൽ ഓടാൻ സ്വന്തമായി ഒരു ജോഡി ബൂട്ടുപോലുമില്ലാതെ കായികതാരങ്ങൾ. മരവയലിലെ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല കായികമേളയിലാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വിദ്യാർഥികൾ ദുരിതത്തിലാവുന്നത്. ആവശ്യത്തിന് സ്പൈക്കുകളോ ഷൂസുകളോ ഇല്ലാതെ സോക്സ് ധരിച്ചും നഗ്നപാദരായുമാണ് പല കുട്ടികളും ട്രാക്കിലിറങ്ങുന്നത്.
2022ലാണ് വയനാടൻ കായികലോകത്തിന് പുതിയ പ്രതീക്ഷ നൽകി കൽപറ്റ മരവയലിൽ ജില്ല സ്റ്റേഡിയം സജ്ജമാക്കിയത്. ഫുട്ബാൾ ഗ്രൗണ്ട്, 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, കളിക്കാർക്കുള്ള മുറികൾ, ഹോസ്റ്റൽ കെട്ടിടം എന്നിവയടക്കം മികച്ച സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലുള്ളത്. സ്റ്റേഡിയം ഒരുങ്ങയതോടെ ഉപജില്ല, ജില്ലതല മത്സരങ്ങളെല്ലാം ഇവിടെ നടക്കുമ്പോൾ ട്രാക്കിലിറങ്ങുന്ന കായികതാരങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ലക്ഷങ്ങൾ മുടക്കി നിർമിച്ച സിന്തറ്റിക് ട്രാക്കിലാണ് കായികതാരങ്ങളിൽ പലരും അർധ നഗ്നപാദരായും സോക്സ് ധരിച്ചും മത്സരിക്കുന്നത്.
കായിക ഉപകരണങ്ങളോ ഷൂസോ വാങ്ങി നൽകാൻ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഭൂരിഭാഗം സ്കൂളുകൾക്കും സാധിക്കുന്നില്ല. മതിയായ പരിശീലന ഉപകരണങ്ങളുടെയും ബൂട്ടുകളുടെയും അഭാവം മൂലം സെക്കൻഡുകളുടെ നേരിയ വ്യത്യാസത്തിലാണ് പല കുട്ടികൾക്കും ഒന്നും രണ്ടും സ്ഥാനങ്ങൾ നഷ്ടമാകുന്നത്. ആധുനിക സ്റ്റേഡിയം ഉയർന്നെങ്കിലും ട്രാക്കിൽ കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകാൻ കായിക വകുപ്പും സർക്കാറും തയ്യാറാകണമെന്നാണ് അധ്യാപകരുടെ ഉൾപ്പടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.