കൽപറ്റ: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പുറത്തുവന്നപ്പോൾ വയനാടിന് 99.59 ശതമാനം വിജയം. കഴിഞ്ഞ വർഷവും ജില്ലക്ക് ഇതേ വിജയശതമാനമായിരുന്നു. ആകെ പരീക്ഷയെഴുതിയ 11215 കുട്ടികളിൽ 11169 പേരാണ് ഉപരിപഠനത്തിന് അർഹരായി. 743 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ജില്ലയിലെ 74 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതിൽ 47 സർക്കാർ സ്കൂളുകളും 18 എയ്ഡഡ് സ്കൂളുകളും അഞ്ച് അൺഎയ്ഡഡ് സ്കൂളുകളുമാണ്. ജില്ലയിൽ 5553 ആൺകുട്ടികളും 5662 പെൺകുട്ടികളുമടക്കം 11215 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 5520 ആൺകുട്ടികളും 5649 പെൺകുട്ടികളുമടക്കം 11169 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 257 ആൺകുട്ടികളും 486 പെൺകുട്ടികളുമടക്കം 743 കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
വയനാട്ടിൽ പൊതുവിഭാഗത്തിലെ 2213 കുട്ടികൾ പരീക്ഷയെഴുതിയപ്പോൾ 2209 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. പരീക്ഷയെഴുതിയ പട്ടികജാതി വിഭാഗത്തിലെ 494 പേരും ഉപരിപഠനത്തിന് യോഗ്യരായി. പട്ടിക വർഗത്തിൽനിന്ന് 2237 പേർ പരീക്ഷയെഴുതിയപ്പോൾ 2205 പേരാണ് ഉപരിപഠനത്തിന് അർഹരായത്. ഒ.ബി.സി വിഭാഗത്തിലെ 6174 കുട്ടികളിൽ 6164 പേരും ഒ.ഇ.സി വിഭാഗത്തിൽ പരീക്ഷയെഴുതിയ 97 പേരും ഉപരിപഠനത്തിന് യോഗ്യരായി. സംസ്ഥാനത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് വയനാട്ടിലാണ്.
സുൽത്താൻ ബത്തേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയത്തിന്റെ നൂറുമേനി തിളക്കവുമായി സുൽത്താൻ ബത്തേരി നഗരസഭയിലെ വിദ്യാലയങ്ങൾ. പരീക്ഷയെഴുതിയ 823 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടിയതോടെ നഗരസഭയിലെ മുഴുവൻ സ്കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു. വിജയികളിൽ 113 പേർ പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികളാണ് എന്നത് വിജയത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു. വിദ്യാർഥികളുടെ മികച്ച വിജയത്തിനായി നഗരസഭയും വിദ്യാഭ്യാസ വകുപ്പും ഏകോപിപ്പിച്ചു നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഡയറ്റ് വയനാടിന്റെ നേതൃത്വത്തിൽ തയാറാക്കിയ പ്രത്യേക പഠനസഹായി ഹൈ ഫ്ലൈയും എച്ച്.എം ഫോറവും വിദ്യാഭ്യാസ വകുപ്പും ചേർന്ന് തയാറാക്കിയ ചോദ്യബാങ്ക് പീക് ടൂ പ്രോഗ്രസ്സും വിജയരഹസ്യമായി. ആകെ വിജയിച്ചവരിൽ 68 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികവ് തെളിയിച്ചു. സംസ്ഥാനത്തെ പുതിയ പാഠപുസ്തകത്തിന് അനുസൃതമായി തയാറാക്കിയ പീക് ടൂ പ്രോഗ്രസ് ഓൺലൈൻ കോപ്പി ഇതിനോടകം 1,78,510 പേരാണ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചത്.
പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികളുടെ പഠനം ഉറപ്പുവരുത്താൻ ഊരുകൂട്ട വളന്റിയർമാരെ നിയമിച്ച് നടത്തിയ പ്രവർത്തനങ്ങൾ വിജയത്തിൽ നിർണായകമായി. സംസ്ഥാനത്തിന് തന്നെ മാതൃകയായ ഈ ഇടപെടലിലൂടെ പിന്നാക്ക മേഖലയിലുള്ള കുട്ടികളെയും മികച്ച വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും നഗരസഭ ചെയർപേഴ്സൻ റസീന അബ്ദുൽ ഖാദർ, നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൽ നാസർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.എം. സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു.
പിണങ്ങോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ വയനാട് ഓർഫനേജ് ഹൈസ്കൂളിന് ഉജ്ജ്വല വിജയം. പരീക്ഷ എഴുതിയ 376 വിദ്യാർഥികളും വിജയിച്ചു. 51 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. വിജയികളെ മാനേജ്മെന്റ് കൺവീനർ ലത്തീഫ് പുനത്തിൽ, പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി, പ്രിൻസിപ്പൽ ഡോ. പി. ജലീൽ, ഹെഡ്മാസ്റ്റർ കെ. അബ്ദുസ്സലാം തുടങ്ങിയവർ അഭിനന്ദിച്ചു.
മീനങ്ങാടി: എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ അഭിമാന നേട്ടവുമായി മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ. തുടർച്ചയായി നാലാം തവണയാണ് മീനങ്ങാടി സ്കൂൾ 100 ശതമാനം വിജയം കൈവരിക്കുന്നത്. 309 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും ഉപരിപഠനത്തിന് അർഹത നേടി.
21 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോൾ ഏഴ് പേർ ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് നേടി. വിജയികളെ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.
കണിയാമ്പറ്റ: പട്ടികവർഗ വകുപ്പിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന കൽപറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിന് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം. സ്കൂളിലെ പി.എസ്. ആര്യ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മറ്റൊരു വിദ്യാർഥിനിക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസും 12 പേർക്ക് അഞ്ച് വിഷയങ്ങളിലധികം എ പ്ലസും നേടാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.