കല്പറ്റ: പനമരം ഗവ. നഴ്സിങ് സ്കൂളിന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക. അഞ്ച് നഴ്സിങ് സീറ്റ് വര്‍ധിപ്പിച്ചിട്ടും സ്ഥാപനത്തിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞ നവംബറില്‍ നഴ്സിങ് കൗണ്‍സില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പരിമിതികള്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഇത് മറികടക്കാനുള്ള നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം. കാലപ്പഴക്കം കാരണമുള്ള ജീര്‍ണാവസ്ഥയിലായ കെട്ടിടത്തിലാണ് മൂന്നു ബാച്ചുകളിലായി 70ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ഇരുനില കെട്ടിടത്തിലാണ് ക്ലാസ്മുറികളും വിദ്യാര്‍ഥികളുടെ ഹോസ്റ്റലും. നേരത്തെ ഒരു ബാച്ചില്‍ 20 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കിയിരുന്നത്. എന്നാല്‍ അഞ്ചു സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചതോടെ ഒരു ബാച്ചിലെ വിദ്യാര്‍ഥികളുടെ എണ്ണം 25 ആയി. ഇത്രയും വിദ്യാര്‍ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ല. വയനാട് മെഡിക്കല്‍ കോളജിന് സമീപം നഴ്സിങ് സ്കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും ഇത് താല്‍ക്കാലികമായി മെഡിക്കല്‍ കോളജിന് നല്‍കിയിരിക്കുകയാണ്.
ഈ കെട്ടിടം ചൂണ്ടിക്കാട്ടിയാണ് നേരത്തെ ദേശീയ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരം നിലനിര്‍ത്തിയതെന്ന് പറയപ്പെടുന്നു. നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണത്തിനായി അനുവദിച്ച 47.5 ലക്ഷം രൂപയും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തില്‍ 2011 മുതല്‍ കൗണ്‍സില്‍ പരിശോധനകളില്‍ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഇത് പരിഹരിക്കാതെ അംഗീകാരം നിലനിര്‍ത്താന്‍ താല്‍ക്കാലിക പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തി മുന്നോട്ടുപോയതാണ് നിലവില്‍ പ്രതിസന്ധിക്ക് കാരണം. നഴ്സിങ് കൗണ്‍സില്‍ അംഗീകാരം നഷ്ടപ്പെട്ടാല്‍ ഭാവി തന്നെ അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
കല്പറ്റ: പനമരം ഗവ. നഴ്സിങ് സ്കൂളിന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമെത്തിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പി.ടി.എ ഭാരവാഹികൾ ആരോപിച്ചു. സ്കൂളിന് ഏറെ പരിമിതികള്‍ നിലവിലുണ്ടെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ല. പ്ലസ് ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളെ സര്‍ക്കാര്‍ സ്ഥാപനമെന്ന വിശ്വാസത്തിലാണ് ഇവിടെ ചേര്‍ത്തത്. നിലവിൽ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇത് സംബന്ധിച്ച് മന്ത്രി ഒ.ആര്. കേളു, ജില്ല കലക്ടര്‍, ഡി.എം.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്. മാനന്തവാടിയില്‍ സ്കൂളിനായി നിര്‍മിച്ച കെട്ടിടം വിട്ടുനല്‍കുകയോ പകരം സംവിധാനം ഒരുക്കുകയോ ചെയ്യണമെന്നും പി.ടി.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് അനന്തപത്മനാഭന്, അംഗങ്ങളായ അപ്പച്ചന് ഓലിക്കല്‍, ഉണ്ണി ജോസഫ് വളവനാല്‍, എം. സിറാജുദ്ധീന് സഅദി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.