താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം; വിലക്ക് രാവിലെ ആറു മുതൽ രാത്രി എട്ടുവരെ

താമരശ്ശേരി: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് കോഴിക്കോട് ജില്ല കലക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി.

കലാവർഷത്തിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ സി.കെ. കാസിം എം.എൽ.എ, കോഴിക്കോട്, വയനാട് ജില്ല കലക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ല കലക്ടർ അറിയിച്ചു.

വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ല കലക്ടർ അറിയിച്ചു.

ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറൽ പൊലീസ് മേധാവിക്ക് ജില്ല കലക്ടർ നിർദേശം നൽകി.

ഉത്തരവ് പ്രകാരം രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവക്ക് ഈ സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ അനുമതി ഉണ്ടായിരിക്കില്ല. യാത്രാ ദുരിതം ഒഴിവാക്കാൻ അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ തുടങ്ങിയ ചെറിയ മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് അടിയന്തര മെഡിക്കൽ വാഹനങ്ങൾ, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്തനിവാരണ സേനകളുടെ വാഹനങ്ങൾ, സായുധ സേനകൾ, കേന്ദ്ര പാരാമിലിട്ടറി, കേരള പൊലീസ് എന്നിവരുടെ വാഹനങ്ങൾ, ജില്ല കലക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളിൽ വയനാട് പൊലീസുമായി സഹകരിച്ച് 24 മണിക്കൂറും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരവും, 1988-ലെ മോട്ടോർ വാഹന നിയമപ്രകാരവും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ല കലക്ടർ അറിയിച്ചു.

ചുരത്തിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ വനംവകുപ്പിനും, റോഡിന്റെ അവസ്ഥ നിരീക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് വിഭാഗത്തിനും നിർദ്ദേശം നൽകി.

യോഗത്തിൽ വയനാട് ജില്ല കലക്ടർ ഡി.ആർ മേഘശ്രീ, കോടിക്കോട് സബ് കലക്ടർ എസ്. ഗൗതം രാജ്, പൊലീസ്, ഫയർഫോഴ്സ്, മോട്ടോർ വാഹനവകുപ്പ്, കെ.എസ്.ഇ. ബി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Tags:    
News Summary - Multi-Axle Vehicle Ban on Thamarassery Churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.