ബൈരക്കുപ്പ പാലം; സേതുബന്ധൻ പദ്ധതിയിൽ നിർമാണം ഉടൻ: മന്ത്രി പി.കെ. ബഷീർ
കൽപറ്റ: 32 വർഷമായി മുടങ്ങിക്കിടന്ന ബൈരക്കുപ്പ പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. പാലം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി സർക്കാർ നടത്തിയ നിരന്തര ശ്രമങ്ങൾ വിജയം കണ്ടതോടെ 27 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പാലം നിർമാണത്തിന് അനുമതിയും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിനായി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു.
അതിന്റെ ഫലമായാണ് പാലം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്താനും 27 കോടി രൂപ നേടിയെടുക്കാനും കഴിഞ്ഞത്. ഇത് പ്രദേശവാസികളുടെ ദീർഘകാല കാത്തിരിപ്പിന് വിരാമമിടുന്ന സുപ്രധാന ചുവടുവെപ്പാണെന്നും മന്ത്രി പറഞ്ഞു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നേരിട്ട് കാണുകയും വിഷയത്തിൽ നിരവധി തവണ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പാലം നിർമാണത്തിനുള്ള കർണാടക സർക്കാരിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) ലഭിച്ചത്. പ്രിയങ്ക ഗാന്ധി എം.പിയുടെ ഇടപെടലുകളും ഇക്കാര്യത്തിലുണ്ടായി. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് ഇതോടെ കൂടുതൽ വേഗം കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
പാലത്തിന്റെ അപ്രോച്ച് റോഡുകൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി ചർച്ച നടത്തിവരികയാണ്. കർണാടക ഭാഗത്തേതുൾപ്പെടെയുള്ള അപ്രോച്ച് റോഡുകൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ, നിർമാണ മേൽനോട്ടം, തുടർന്നുള്ള അറ്റകുറ്റപ്പണി എന്നിവ കേരള പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലായിരിക്കും. ഇതിനാവശ്യമായ മുഴുവൻ ചെലവും കേരളം തന്നെ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലത്തിന് 1994 സെപ്റ്റംബർ 24നാണ് തറക്കല്ലിട്ടത്. വിവിധ കാരണങ്ങളാൽ നിർമാണം ആരംഭിക്കാനാകാതെ പദ്ധതി നീണ്ടുപോകുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം പാലത്തിന്റെ പ്രാധാന്യം വീണ്ടും സജീവ ചർച്ചയാകുകയും നിർമാണം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൈവരികയും ചെയ്തു.
പാലം യാഥാർഥ്യമാകുന്നതോടെ പെരിക്കല്ലൂർ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാപ്രശ്നങ്ങൾക്ക് വലിയ ആശ്വാസമാകും. നിലവിലുള്ള യാത്രാപ്രയാസങ്ങൾ കുറക്കുന്നതിനൊപ്പം വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിലും പാലം വലിയ സൗകര്യം സൃഷ്ടിക്കും. പുൽപള്ളി, ബത്തേരി, കൽപറ്റ, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവർക്ക് ബൈരക്കുപ്പ പാലം പ്രധാന ബദൽ ഗതാഗതമാർഗമായി മാറും. ബംഗളൂരുവിനും ബത്തേരിക്കുമിടയിലെ യാത്രാദൂരം 40 കി.മീറ്റർ കുറക്കാൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ദേശീയപാത 766ലെ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും പദ്ധതിക്ക് പ്രാധാന്യമുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായും കർണാടക സർക്കാറുമായും ഏകോപനം ഉറപ്പാക്കി പാലം നിർമാണത്തിനുള്ള തുടർനടപടി വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.