കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

കൽപറ്റ: കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്ത് കിടക്കുന്നത് കണ്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വാക്സിനേഷന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു.

വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന കോളനികളില്‍ ട്രൈബല്‍ വകുപ്പ് പ്രത്യേക പരിശോധന നടത്തണം, വനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും വനത്തില്‍ പോകുന്നവരും പ്രത്യേക മുന്‍കരുതലെടുക്കണം, വനം വകുപ്പ് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം, വനത്തില്‍ മേയാന്‍ കൊണ്ടുപോകുന്ന കന്നുകാലികളില്‍ ഫ്ലൂ മെത്രിന്‍ പോലുള്ള പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കണം, ജില്ലയില്‍ വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ വന സമീപ ഗ്രാമങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു.

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് സാധാരണയായി രോഗവ്യാപനം കൂടുതലുള്ളത്. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. കുരങ്ങുകളിലൂടെയാണ് രോഗ വാഹകരായ ചെള്ളുകള്‍ വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്നത്.

വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്. ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സക്ക് മുതിരാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടണമെന്ന നിർദേശങ്ങളും ഉണ്ട്.

ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. പി. ദിനീഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആന്‍സി ജേക്കബ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. പി.എസ്. സുഷമ, ജില്ല ടി.ബി ഓഫിസര്‍ ഡോ. കെ.വി. സിന്ധു, ജില്ല മലേറിയ ഓഫിസര്‍ ഡോ. സി.സി. ബാലന്‍, ജില്ല മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Monkey fever-Strengthens immunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.