കൽപറ്റ: ജില്ല ആസ്ഥാന നഗരത്തിൽ ഭരണം കൈപിടിയിലൊതുക്കാൻ ഇത്തവണ ഇരുമുന്നണികളും കച്ചകെട്ടി ഇറങ്ങിയതോടെ പോരാട്ടം തീ പാറുമെന്നുറപ്പ്. 30 വാർഡുകളുള്ള കൽപറ്റ നഗരസഭയിൽ ഭരണം നിലനിർത്താനുള്ള അശ്രാന്ത പരിശ്രമം യു.ഡി.എഫും കൈവിട്ട ഭരണം തിരികെ പിടിക്കാനുള്ള വാശിയിൽ എൽ.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. അതേസമയം, ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാനുള്ള തീവ്ര ശ്രമത്തിലാണ് എൻ.ഡി.എ.
വാർഡ് പുനർവിഭജനവും സംവരണ സീറ്റുകളുടെ നിർണയവും പൂർത്തിയായതോടെ നഗരസഭ തീപാറും രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുമെന്നുറപ്പായി. പട്ടികവര്‍ഗ വിഭാഗത്തിനാണ് ഇത്തവണ നഗരസഭ അധ്യക്ഷ പദവി. യു.ഡി.എഫ് ചെയർമാൻ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയത് തുടക്കത്തിൽ തന്നെ തെരഞ്ഞെടുപ്പ് വൻ വിവാദത്തിലാക്കി. ടി.വി. രവീന്ദ്രന്‍റെ പത്രിക തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് ഹൈകോടതിയെ സമീപിക്കുകയും കോടതി പത്രിക തള്ളിയതിനെ ശക്തമായ വിമർശനം ഉന്നയിക്കുകയും ചെയ്തത് വലിയ ചർച്ചയായി.
നഗരസഭയുടെ രൂപീകരണം മുതൽ ഏറെക്കാലം എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്നു കൽപറ്റ നഗരസഭ. 2010ൽ ജനതാദൾ യു.ഡി.എഫിലേക്ക് ചേക്കേറിയതോടെ 28 ഡിവിഷനുകളിൽ 21 എണ്ണവും നേടി ചരിത്രത്തിലാദ്യമായി യു.ഡി.എഫ് ഭരണം കൈക്കലാക്കി. 2015ലും യു.ഡി.എഫ് ഭരണം നിലനിർത്തി. ഇതിനിടെ, ജനതാദൾ എൽ.ഡി.എഫിലേക്ക് തിരികെ പോയതോടെ കാലാവധി തീരും മുമ്പേ ഭരണം എൽ.ഡി.എഫിനായി. എന്നാൽ, 2020ൽ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. നിലവിൽ 15 സീറ്റുകളുമായി യു.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. വാർഡ് പുനർവിഭജനത്തിൽ 28 ഡിവിഷനുകൾ 30 ആയി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.