കൽപറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പ്രശ്ന പരിഹാരത്തിന് വിദഗ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി നൽകിയ കത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രശ്ന പരിഹാരത്തിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
മുൻ അഡീഷനൽ ഡയറക്ടർ ജനറൽ ആർ.കെ. പാണ്ഡെ, ഐ.ഐ.ടി പാലക്കാട് അസിസ്റ്റന്റ് പ്രഫ. ഡോ. പി.വി. ദിവ്യ എന്നിവരടങ്ങുന്ന വിദഗ്ധ സംഘം ഒക്ടോബർ മൂന്നിന് ചുരം സന്ദർശിച്ച ശേഷം റിപ്പോർട്ട് നൽകിയിരുന്നു. ഇവർ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ, അടിയന്തര നടപടി ആരംഭിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർദേശങ്ങൾ നൽകിയതായും നിതിൻ ഗഡ്കരി അറിയിച്ചു. ഓഗസ്റ്റ് 28ന് ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് പ്രിയങ്ക ഗാന്ധി എം.പി കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.