കല്പറ്റ: വയനാട്ടില്‍ സിപ്ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പൊലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്കറിനെയാണ് (29) തിങ്കളാഴ്ച വൈകീട്ടോടെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ വധശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, എന്‍.ഡി.പി.എസ് തുടങ്ങിയ കേസുകളിലും ഉള്‍പ്പെട്ടയാളാണ്.
ഒരു സ്ത്രീയും കുട്ടിയും സിപ്ലൈനില് കയറുന്നതും അവര്‍ അപകടത്തില്‍പ്പെടുന്നതുമായ ദൃശ്യങ്ങളാണ് എ.ഐ പ്രൊമ്റ്റ് ഉപയോഗിച്ച് ഇയാള്‍ കൃത്രിമമായി നിര്‍മിച്ചത്. സമൂഹത്തില്‍ ഭീതി പടര്‍ത്തുന്നതും വയനാട്ടിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്നതുമായ വീഡിയോ ഇയാളുടെ ‘അഷ്ക്കറലി റിയാക്ടസ്’ എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടതോടെ ഒക്ടോബര്‍ 30ന് വയനാട് സൈബർ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ഇത്തരത്തില്‍ വ്യാജ വീഡിയോ നിര്‍മിച്ച് സമൂഹത്തില്‍ ഭീതിയും വിദ്വേഷവും പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. സബ് ഇൻസ്പെക്ടർ മുസ്തഫ, എസ്.സി.പി.ഒ നജീബ്, സി.പി.ഒ മുസ്ലിഹ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.