കൽപറ്റ: ജില്ല പഞ്ചായത്തിന്റെ ഭരണം പിടിക്കുകയെന്നത് മുന്നണികളുടെ അഭിമാന പ്രശ്നമാണ്. സംസ്ഥാന സർക്കാറിന്റെ ഭരണമികവിന്റെ പ്രതിഫലനമായി തദ്ദേശതെരഞ്ഞെടുപ്പ് ഫലം മാറണമെങ്കിൽ സംസ്ഥാന തലത്തിൽ എത്ര ജില്ല പഞ്ചായത്തുകൾ ഇടതുപക്ഷത്തോടൊപ്പം നിന്നുവെന്ന് തെളിയിക്കണം. വയനാട് ജില്ല പഞ്ചായത്ത് ഭരണം പിടിക്കുക എന്നത് ഇടതുമുന്നണിക്ക് പ്രധാനമാണ്.
അതുകൊണ്ടാണ് യു.ഡി.എഫിലെ വിമതർക്ക് കൂടി ഇടംനൽകുന്ന വിധത്തിൽ തോമാട്ടുചാൽ, മുള്ളൻകൊല്ലി ഡിവിഷനുകൾ ഒഴിച്ചിട്ടായിരുന്നു ഇടതുമുന്നണി തങ്ങളുടെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. തോമാട്ടുചാൽ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ വിമതനായി പത്രിക നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. എന്നാൽ കോൺഗ്രസ് നേതാവ് തന്നെ ഈ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി.
അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് പി.വി. ബാലചന്ദ്രന്റെ സഹോദരൻ കൂടിയായ വേണുഗോപാലാണ് സ്ഥാനാർഥിയായത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് അദ്ദേഹം ആർ.ജെ.ഡിയിൽ ചേരുകയായിരുന്നു. അതേ സമയം, യു.ഡി.എഫിന്റെ ഉറച്ച സീറ്റായ തോമാട്ടുചാലിൽ ഇതൊന്നും തങ്ങൾക്ക് ഒരു നിലക്കും ഭീഷണി ആവില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. യു.ഡി.എഫിന് വേണ്ടി കോൺഗ്രസിലെ വി.എൻ ശശീന്ദ്രനാണ് ഗോദയിലുള്ളത്.
ആകെ 17ഡിവിഷനുകളുള്ള ജില്ല പഞ്ചായത്തിൽ ആകെ 58 സ്ഥാനാർഥികളാണുള്ളത്. കഴിഞ്ഞ തവണ വയനാട് ജില്ല പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകെയുള്ള 16 ഡിവിഷനുകളിൽ എട്ടുവീതം നേടി എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സമനില വന്നതോടെ നറുക്കെടുപ്പിലൂടെയാണ് സംഷാദ് മരക്കാർ ജില്ല പഞ്ചായത്ത് പ്രസിഡന്റാകുന്നതും എൽ.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതും.
കഴിഞ്ഞ തവണ ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ വെള്ളമുണ്ട, മേപ്പാടി, പനമരം എന്നിവയിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇത്തവണ ചിത്രം മാറിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. തരുവണ പുതിയ ഡിവിഷൻ ആയതോടെ ആകെ ഡിവിഷനുകൾ 17 ആയി മാറി. വെള്ളമുണ്ട ഡിവിഷൻ ഇത്തവണ വെള്ളമുണ്ടയും തരുവണയുമായി വിഭജിച്ചിട്ടുണ്ട്. തൊണ്ടർനാട് പഞ്ചായത്തിലെ 17 വാർഡും വെള്ളമുണ്ട പഞ്ചായത്തിലെ എട്ട് വാർഡും ചേർന്നതാണ് പുതിയ വെള്ളമുണ്ട ഡിവിഷൻ. തൊണ്ടർനാട് പഞ്ചായത്തും വെള്ളമുണ്ട പഞ്ചായത്തും ഇടത് ഭരണസമിതിക്ക് കീഴിലായിരുന്നു.
2019ലെ തെരഞ്ഞെടുപ്പിലൊഴികെ മുമ്പ് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാർഥികൾ ജയിച്ച ഡിവിഷനാണ് മേപ്പാടി. എന്നാൽ ജില്ല പഞ്ചായത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 11 സീറ്റിൽ ഒന്നിൽപോലും മുസ്‍ലിം നേതാവിനെ പരിഗണിച്ചിട്ടില്ല. മീനങ്ങാടി ഡിവിഷനിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ ഗൗതം ഗോകുൽ ദാസിനെതിരെ ജോസഫ് ഗ്രൂപ്പിന്റെ ലിന്റോ കെ. കുര്യാക്കോസ് വിമതനായി മത്സരിക്കുന്നുണ്ട്.
എന്നാൽ ലിന്റോക്ക് തങ്ങളുമായി ബന്ധമില്ലെന്ന് യു.ഡി.എഫ് അറിയിച്ചു.17 ഡിവിഷനുകളുള്ള ജില്ല പഞ്ചായത്തിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. കണക്കുകൾ പക്ഷേ യു.ഡി.എഫിന് അനുകൂലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.