ക​ർ​ഷ​ക ര​ജി​സ്ട്രി​യി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള അ​ഗ്രി​സ്റ്റാ​ക്ക് പോ​ർ​ട്ട​ൽ

കൃഷി ആനുകൂല്യങ്ങൾ വാങ്ങുന്നവരുടെ പട്ടികയിലും തീവ്രപരിശോധന

കൽപറ്റ: കേന്ദ്ര-കേരള സർക്കാറുകളുടെ വിവിധ കാർഷിക ആനുകൂല്യങ്ങൾ വാങ്ങുന്ന കർഷകരുടെ പട്ടികയിലും എസ്.ഐ.ആർ മാതൃകയിൽ തീവ്രപരിശോധന നടക്കുന്നു. കേരളത്തിലെ പി.എം കിസാൻ ഗുണഭോക്താക്കൾ ഉൾപ്പെടെ 20 ലക്ഷം കർഷകരെ ഏകീകൃത കർഷക രജിസ്ട്രിയുടെ ഭാഗമാക്കാനായി ഇതിനകം കേന്ദ്രസർക്കാർ പ്രത്യേക രജിസ്ട്രേഷൻ നടത്തിയിരുന്നു. കേന്ദ്ര ഡിജിറ്റൽ അഗ്രികൾച്ചർ മിഷന് കീഴിലാണിത്. കേരളത്തിലെ കർഷകർക്ക് klfr.agristack.gov.in എന്ന പോർട്ടൽ വഴിയോ കൃഷിഭവൻ മുഖേനയോ രജിസ്റ്റർ ചെയ്യാം.

ഈ വിവരങ്ങൾ ഉപയോഗിച്ച് ദേശീയതലത്തിൽ തന്നെ ഓരോ കർഷകർക്കും ആധാർ അധിഷ്ഠിത പ്രത്യേക കർഷക ഐ.ഡി ലഭിക്കും. എല്ലാ കർഷകർക്കും തുടർന്ന് ആനുകൂല്യം ലഭിക്കുന്നതിന് ഇത് നിർബന്ധമാണെന്നാണ് അറിയിപ്പ്. ഇത്തരത്തിൽ നടപടികൾ പൂർത്തീകരിച്ച കർഷകരുടെ കാര്യത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇപ്പോൾ സംസ്ഥാനത്ത് തീവ്രപരിശോധന നടത്തുന്നത്.

കർഷകർ തങ്ങളുടെ ഭൂമിയുടെ രേഖകൾ അടക്കമാണ് രജിസ്‌റ്റർ നടത്തേണ്ടത്. ആധാർ കാർഡ്, ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ, ഭൂമിയുടെ കരം അടച്ചതിന്റെ ഏറ്റവും പുതിയ രസീത് എന്നിവയാണ് ഇതിന് വേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവരുടെ അപേക്ഷകളിൽ അതത് വില്ലേജ് ഓഫിസുകൾക്ക് കീഴിൽ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തീവ്രപരിശോധന നടക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് ഈ നടപടികൾ റവന്യൂ ഉദ്യോഗസ്ഥർക്കും തലവേദനയുണ്ടാക്കുന്നുണ്ട്.

ഭൂമിയുടെ വിവരങ്ങളും വില്ലേജ് ഓഫിസിലെ രേഖകളും ഒന്നാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. തെറ്റാണെങ്കിൽ വില്ലേജ് ഓഫിസർ അപേക്ഷ നിരസിക്കും. ഇത്തരം അറിയിപ്പ് നിരവധി കർഷകർക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് വീണ്ടും അപേക്ഷ നൽകുന്നതിനോ അപേക്ഷ തിരുത്തുന്നതിനോ ഉള്ള സംവിധാനം നിലവിൽ പോർട്ടലിൽ ലഭ്യമായിട്ടില്ലെന്നാണ് കൃഷി ഓഫിസർമാർ പറയുന്നത്. കർഷകർക്ക് നേരിട്ട് പോർട്ടൽവഴി തിരുത്തൽ നടത്താനും കഴിയുന്നില്ല. ഇതോടെ ആനുകൂല്യങ്ങളിൽനിന്ന് തങ്ങൾ പുറത്താകുമോയെന്ന ആശങ്കയിലാണ് കർഷകർ.

എന്താണ് കർഷക രജിസ്ട്രി?

കർഷകരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന കേന്ദ്രസർക്കാറിന്റെ കേന്ദ്രീകൃത സംവിധാനമാണ് കർഷക രജിസ്ട്രി. ഇതുവഴി ഓരോ കർഷകനും ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ (കർഷക ഐ.ഡി) നൽകും. കാർഷിക ആനുകൂല്യങ്ങൾക്കുള്ള അടിസ്ഥാനരേഖയായി ഭാവിയിൽ ഇത് മാറും. ഇതുപയോഗിച്ച് ഭാവിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ മറ്റ് രേഖകളൊന്നും കൂടാതെ ലഭ്യമാകും.

രജിസ്റ്റർ ചെയ്തത് 22 ലക്ഷത്തിലധികം കർഷകർ

കർഷക രജിസ്ട്രിയിൽ ഇതിനകം രജിസ്റ്റർ ചെയ്തത് 22 ലക്ഷത്തിലധികം കർഷകരാണ്. 22,51,721 കർഷകരാണ് തിങ്കളാഴ്ചത്തെ കണക്കുപ്രകാരം ആകെ രജിസ്റ്റർ ചെയ്തത്.

ആശങ്ക വേണ്ടെന്ന് കൃഷി വകുപ്പ്

കർഷക രജിസ്ട്രി സംബന്ധിച്ച് കർഷകർക്ക് ആശങ്ക വേണ്ടെന്ന് കൃഷി ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ അജിത് ചാക്കോ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോഴും അപേക്ഷിക്കാം. ആനുകൂല്യങ്ങൾ വാങ്ങുന്നതും അല്ലാത്തതുമായ എല്ലാ കർഷകരെയും രജിസ്ട്രിയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.

രേഖകൾ ഒരേപോലെ ആകാത്തതിനാലാണ് അപേക്ഷ നിരസിക്കപ്പെടുന്നത്. ഇവർ നേരിട്ട് കൃഷിഭവനുകളിൽ പോയി അപേക്ഷകളിൽ തിരുത്തലുകൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംശയങ്ങൾക്ക് 0471 2309122, 0471 2303990, 0471 2968122 നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Intensive scrutiny also on the list of those who receive agricultural benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.