കല്പറ്റ: ഉരുൾപൊട്ടൽദുരന്തബാധിതയായ സ്ത്രീയെ വീടുപണിക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാൾ പിടിയിൽ. തിരുനെല്ലി, വെങ്ങാട്ട് വീട്ടില്‍, ഇഗ്നേഷ്യസ് അരൂജയെയാണ് (55) തിങ്കളാഴ്ച രാത്രി മാനന്തവാടിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്.
നിരക്ഷരയും സാധാരണക്കാരിയുമായ സ്ത്രീയില്‍ നിന്ന് ലോണിനുള്ള പ്രോസസിങ് ചാര്‍ജ് എന്ന രീതിയിലാണ് 6,05,000 രൂപ ഇയാളും സംഘവും കവര്‍ന്നെടുത്തത്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണ്. സംഭവത്തില്‍ രണ്ടുപേരെ കുടി പിടികൂടാനുണ്ട്. 2023 ഡിസംബറിലാണ് സംഭവം.
കല്പറ്റയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വന്ന മധ്യവയസ്കയായ പരാതിക്കാരിയെ വീടുപണിക്ക് ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തിയത്. നാളുകള്‍ കഴിഞ്ഞിട്ടും ലോണ്‍ ശരിയാക്കി തരുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, ഷജീർ, അരുൺരാജ്, മാനന്തവാടി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോയ്സ് ജോൺ, സി.പി.ഒ അരുൺ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.