മരിയനാട് തോട്ടം തൊഴിലാളികളുമായി മന്ത്രി ഒ.ആർ. കേളുവിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ച
കൽപറ്റ: മരിയനാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ അനുവദിച്ചതായി പട്ടികജാതി-വര്‍ഗ- പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്. കേളു. വയനാട് പാക്കേജില്‍ അനുവദിക്കുന്ന തുക ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. സര്‍ക്കാര്‍ നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സർവിസ് അനുസരിച്ചാവും ആനുകൂല്യ തുക വിതരണം ചെയ്യുക. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവർ അംഗീകരിച്ചതോടെയാണ് വര്‍ഷങ്ങളായുള്ള 141 തൊഴിലാളികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നത്.
മരിയനാട് എസ്റ്റേറ്റില്‍ 2004ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടല്‍ നഷ്ട പരിഹാരം, ഇതുവരെയുള്ള പലിശ എന്നിവ നല്‍കാനാണ് വയനാട് പാക്കേജില്‍ തുക അനുവദിച്ചത്. ഓരോ വര്‍ഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കില്‍ പിരിച്ചുവിടല്‍ നഷ്ടപരിഹാരം ഗ്രാറ്റുവിറ്റിയും കണക്കാക്കും. പിരിച്ചുവിടല്‍ നഷ്ടപരിഹാരകത്തുക 2005 മുതല്‍ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നല്‍കുക. ജീവനക്കാരുടെ ഹാജര്‍ രേഖകള്‍, ഇ.പി.എഫ് വിവരങ്ങള്‍ അടിസ്ഥാനമാക്കി തുക കണക്കാക്കും.
എസ്റ്റേറ്റില്‍ ഒമ്പത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 136 ജീവനക്കാരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടു ജീവനക്കാരും ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ഒരു ജീവനക്കാരനും രണ്ട് താൽക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 21 പേര് മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ ജീവിതമാര്‍ഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച യോഗത്തില്‍ ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വനം വകുപ്പ് ജീവനക്കാര്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.