ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗം
കൽപറ്റ: കര്‍ണാടകയില്‍ നിന്നുള്ള ചോളത്തണ്ട് നിയന്ത്രണം ജില്ലയിലെ ക്ഷീരകാര്‍ഷിക മേഖലയെ സാരമായി ബാധിക്കുകയാണെന്നും ഇതിന് ബദല്‍ പരിഹാരം കാണണമെന്നും ജില്ല വികസന സമിതിയോഗം. ഇതുസംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ജില്ല വികസന സമിതിയോഗം തീരുമാനിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും കര്‍ണാടകയിലുണ്ടായ കടുത്ത വരള്‍ച്ച അവിടത്തെ കന്നുകാലി കര്‍ഷകരെ ബാധിച്ചുവെന്നും ചോളത്തണ്ട് പോലുളള കന്നുകാലിത്തീറ്റ അതിര്‍ത്തി കടത്തി കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം അതിനാലാണെന്നുമാണ് കർണാടക മുഖ്യമന്ത്രി അറിയിച്ചതെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ വികസന സമിതി യോഗത്തെ അറിയിച്ചു.
ജില്ലയില്‍ ഒട്ടേറെ ക്ഷീരകര്‍ഷകര്‍ കര്‍ണാടകയില്‍ നിന്നുള്ള ചോളത്തണ്ടുകളും തീറ്റപ്പുല്ലുകളെയുമാണ് ആശ്രയിക്കുന്നത്. ഇതൊരു ദീര്‍ഘകാല ആശ്രയമായി കാണാന്‍ കഴിയില്ല. ഇതിന് പരിഹാരമായി ജില്ലയില്‍ കാലിത്തീറ്റ ഉത്പാദനം വർധിപ്പിക്കുകയും സ്വയം പര്യാപ്തത നേടുകയെന്നതും അനിവാര്യമാണ്. മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, തദ്ദേശ സ്വയം ഭരണവകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം കൈകോര്‍ത്ത് കാലിത്തീറ്റ ഉൽപാദന മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും ടി. സിദ്ദീഖ് പറഞ്ഞു. ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമായി ഇക്കാര്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു.
കൽപറ്റ: ജില്ലയിലെ വിവിധ റോഡ് നിര്‍മാണങ്ങളിലെ അപാകങ്ങള്‍ പരിഹരിക്കണമെന്ന് ജില്ല വികസന സമിതിയോഗത്തില്‍ നിര്‍ദേശം. കാരാപ്പുഴ- വാഴവറ്റ റോഡ് നിര്‍മാണത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും റോഡ് എത്രയുംപെട്ടന്ന് യാഥാർഥ്യമാക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചുള്ള നിര്‍മാണ പുരോഗതികള്‍ പൊതുമരാമത്ത് അധികൃതര്‍ യോഗത്തെ അറിയിച്ചു.
പടിഞ്ഞാറത്തറ- പൂഴിത്തോട് ചുരമില്ല ബദല്‍പാത വനം പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ജില്ല കലക്ടര്‍ ഡോ. രേണുരാജ് പ്രവര്‍ത്തന പുരോഗതി ആരാഞ്ഞു. കല്പറ്റ- വാരാമ്പറ്റ റോഡു പണിയിലെ അനിശ്ചിതത്വങ്ങള്‍ നീക്കണമെന്ന് നഗരസഭ ചെയര്മാന് മുജീബ് കേയംതൊടി ആവശ്യപ്പെട്ടു. നഗരത്തിലെ ചുങ്കം കവലയില്‍ കടകളിലടക്കം വെള്ളം കയറുന്ന സാഹചര്യമുണ്ട്. ഇതെല്ലാം പരിഹരിക്കണം. റോഡ് നിര്‍മാണം പുനരാരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളമുണ്ട- തോട്ടോളിപ്പടി റോഡ് നിര്‍മാണം അനിശ്ചിതത്തിലാണെന്നും പരിഹരിക്കണമെന്നും ആവശ്യം ഉയര്‍ന്നു.
ജല്‍ജീവന്‍ മിഷന് ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കല്‍ നടപടി തുടങ്ങിയവ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തുമായി കൂടിയാലോചിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്യാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ജില്ല കലക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശം നല്കി. വയനാട് ചുരം ഗതാഗതക്കുരുക്കിനും പരിഹാരം കാണണം. ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിർമാണ പുരോഗതി അറിയിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.