മന്ത്രിയായതിനു ശേഷം ആദ്യമായി വയനാട്ടിൽ എത്തിയ ടി. സിദ്ദീഖിനെ ലക്കിടിയിൽ യു.ഡി.എഫ് നേതാക്കൾ സ്വീകരിച്ചപ്പോൾ

കല്‍പറ്റ: സ്വപ്‌നസമാനമായ പദ്ധതികളും പരിപാടികളുമായി വയനാട്ടിലെയും കേരളത്തിലെയും കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ്. കല്‍പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിവകുപ്പില്‍ സമയബന്ധിതമായി നടപടികളുണ്ടാകും. മഴ തുടങ്ങുന്നതിനുമുമ്പ് തന്നെ നെല്ലുകള്‍ സംഭരിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. വന്യമൃഗശല്യം, വിളനാശം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ കാര്‍ഷികമേഖല അഭിമുഖീകരിക്കുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകും. കാര്‍ഷികമേഖല ആദായകരമായി മാറ്റിയാല്‍ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ കയറ്റുമതി വലിയതോതില്‍ വര്‍ധിപ്പിക്കാനാകും. ഇത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകും.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആദ്യ കാബിനറ്റില്‍ തന്നെ അവതരിപ്പിച്ചു. അടുത്ത കാബിനറ്റില്‍ വിഷയം ചര്‍ച്ച ചെയ്ത് കാബിനറ്റ് കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഷിപ്പിലും ദുരന്തമേഖലകളിലുമെല്ലാം ഉടന്‍ സന്ദര്‍ശനം നടത്തും. നിലവിലുള്ള പേരായ്മകള്‍ മനസ്സിലാക്കി സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളുണ്ടാകും. 178 വീടുകള്‍ മാത്രമല്ല, ബാക്കി കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ദുരന്തബാധിതരുടെ തുടര്‍ചികിത്സ, മാനദണ്ഡങ്ങളുടെ പേരില്‍ ഗുണഭോക്തൃപട്ടികയില്‍നിന്ന് പുറത്തായവരുടെ കാര്യങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഒരുമിച്ച് ഒറ്റക്കെട്ടായി പൂര്‍ത്തിയാക്കും. ദുരന്തബാധിത മേഖലയില്‍ രാഷ്ട്രീയ വിവേചനം ഉണ്ടാകില്ല. ഒരുപരിപാടി നടക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ എം.എല്‍.എയോ ജനപ്രതിനിധികളോ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഒരുചെറുതരി പോലും അപമാനിതരാകുന്ന സാഹചര്യം യു.ഡി.എഫ് വേദിയിലുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

വനംമന്ത്രിയുമായുള്ള ചര്‍ച്ചയിൽ വയനാട് സിവില്‍സ്റ്റേഷന് മുമ്പില്‍ സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിന്റെ കാര്യവും നേരിട്ട് സംസാരിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ എങ്ങനെ സാധിക്കുമെന്നതിൽ പത്തുദിവസത്തിനകം പ്രാഥമിക ചര്‍ച്ച നടത്തും. ഇതുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍ പരിഹരിക്കാന്‍ എന്തുചെയ്യാനാകുമെന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ സലീംമേമന അധ്യക്ഷതവഹിച്ചു.

കെ.കെ. അഹമ്മദ്ഹാജി, ഉഷാവിജയന്‍ എം.എല്‍.എ, പി.പി. ആലി, എന്‍.ഡി. അപ്പച്ചന്‍, ടി. മുഹമ്മദ്, എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, പി.ടി. ഗോപാലകുറുപ്പ്, എന്‍.കെ. റഷീദ്, ചന്ദ്രിക കൃഷ്ണന്‍, ബി. സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ടി. ഹംസ, യഹ്യാഖാന്‍ തലക്കല്‍, എം.എ. ജോസഫ്, സി. ജയപ്രസാദ്, മാണി ഫ്രാന്‍സിസ്, കെ.പി. പോക്കര്‍ഹാജി, പി.കെ. അബ്ദുറഹ്‌മാന്‍, പ്രവീണ്‍ തങ്കപ്പന്‍, എം.സി. സെബാസ്റ്റ്യന്‍, ജോസ് കളപ്പുരക്കല്‍, ഹര്‍ഷല്‍ കോന്നാടന്‍, അരുണ്‍വേദന്‍, നവാസ്, ശിഹാബ്, കെ.കെ. ഹനീഫ, ശോഭനാകുമാരി, ജി. വിജയമ്മ, ബിനുതോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Farmers will be included - Minister T. Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.