കൽപറ്റ: ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് ഇ-ഹെല്‍ത്ത് വഴി ഓണ്‍ലൈനായി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം പൂര്‍ണ സജ്ജമായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു. ആശുപത്രികളില്‍ ഒ.പി ടിക്കറ്റിനുവേണ്ടി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. യു.എച്ച്.ഐ.ഡി ഉപയോഗിച്ച് ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് പരിശോധനയും സേവനങ്ങളും ബുക്ക് ചെയ്യാം. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ഈ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി എം.ഇ ഹെല്‍ത്ത് (MeHEALTH) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാണ്. ആധാര്‍ നമ്പര്‍ കൊടുത്ത് യു.എച്ച്.ഐ.ഡി ഈ ആപ്പ് വഴി സ്വയം എടുക്കാം.
കേരളത്തിലെ ഏത് സര്‍ക്കാര്‍ ആശുപത്രിയിലെയും ഒ.പി പരിശോധനക്കുള്ള ടിക്കറ്റ് ആപ്പ് വഴി എടുക്കാം. തൊട്ടടുത്തുള്ള ആശുപത്രികളും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍ക്കാര്‍ ആശുപത്രികളും അവയിലേക്കുള്ള ദൂരവും എളുപ്പത്തില്‍ കണ്ടെത്താം.
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ആശുപത്രിയിലേക്കുള്ള റൂട്ടും ആപ്പില്‍ ലഭിക്കും. ഏത് ആശുപത്രികളിലാണ് സ്‌പെഷാലിറ്റി ഡോക്ടര്‍മാരുള്ളതെന്ന് എളുപ്പം അറിയാനും ബുക്ക് ചെയ്യാനും സാധിക്കും. ലാബ് പരിശോധനകള്‍, അവയുടെ നിരക്കുകള്‍, ബ്ലഡ് ബാങ്ക്, പേവാര്‍ഡ്, റേഡിയോളജി, ആംബുലന്‍സ് എന്നീ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികള്‍, കാരുണ്യ ഫാര്‍മസികള്‍ എന്നിവയുടെ വിവരങ്ങളും അറിയാന്‍ കഴിയും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ‘MeHEALTH’ ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth&hl=en_IN) ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്‍ നമ്പറും ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക.
ആപ്പില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കി യുനീക്ക് ഹെല്‍ത്ത് ഐ.ഡി സൃഷ്ടിക്കാം. ഇതിലൂടെ ഓണ്‍ലൈനായി ഒ.പി ടിക്കറ്റും മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റും എടുക്കാം. ആപ്പിന്റെ ഹോം പേജിലെ ‘Near By Service’ എന്ന ഓപ്ഷനിലൂടെ ആവശ്യമുള്ള സേവനങ്ങള്‍ തിരഞ്ഞെടുക്കാം
യു.എച്ച്.ഐ.ഡി (യൂനീക് ഹെല്‍ത്ത് ഐഡി) ഇതുവരെ എടുത്തിട്ടില്ലാത്തവര്‍ക്ക് ആശുപത്രികളില്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ യു.എച്ച്.ഐ.ഡി എടുക്കാവുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ കൂടുതല്‍ കാത്തിരിപ്പില്ലാതെ വേഗത്തിലും സുഗമമായും ലഭ്യമാക്കാന്‍ പൊതുജനങ്ങള്‍ ഈ ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.